ട്രെയിൻ കല്ലേറിൽ വിദ്യാർഥിനിക്ക് പരിക്കേറ്റ സംഭവം; പ്രതി പിടിയിൽ
കഴിഞ്ഞ മാസം 30നായിരുന്നു ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്
കോഴിക്കോട്: ട്രെയിനിന് നേരെയുണ്ടായ കല്ലേറിൽ വിദ്യാർത്ഥിനിയുടെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ പ്രതി പിടിയിൽ. കടലുണ്ടി വടക്കുമ്പാട് സ്വദേശി കൃഷ്ണകുമാർ (30) ആണ് റെയിൽവേ പൊലീസിന്റെ പിടിയിലായത്. ലഹരി ഉപയോഗിച്ച ശേഷമാണ് പ്രതി ട്രെയിനുകൾക്ക് നേരെ കല്ലെറിഞ്ഞതെന്ന് പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ മാസം 30നായിരുന്നു ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന് നേരെ കല്ലേറുണ്ടായത്. ആലുവ യുസി കോളജിലെ പിജി വിദ്യാർത്ഥിനിയായ ഐശ്വര്യയ്ക്ക് (22) ഫറോക്കിനും കടലുണ്ടിക്കും ഇടയിൽ വെച്ചാണ് പരിക്കേറ്റത്.
കല്ലേറിൽ ഐശ്വര്യയുടെ താടിയെല്ലിന് സാരമായ പരിക്കേറ്റു. രണ്ട് പല്ലുകൾ നഷ്ടമാവുകയും ചുണ്ടിന് മുറിവേൽക്കുകയും ചെയ്തു. സംഭവം നടന്ന് 20 ദിവസം കഴിഞ്ഞിട്ടും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഐശ്വര്യയ്ക്ക് കൃത്യമായി ഭക്ഷണം കഴിക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണുള്ളത്.
ഐശ്വര്യയ്ക്ക് പരിക്കേറ്റ അതേ ദിവസം തന്നെ ഇതേ സ്ഥലത്ത് വെച്ച് വന്ദേഭാരത് എക്സ്പ്രസിന് നേരെയും കല്ലേറുണ്ടായിരുന്നു. പ്രദേശം ഒറ്റപ്പെട്ടതായതിനാൽ സിസിടിവി ദൃശ്യങ്ങൾ ലഭിക്കാൻ പൊലീസിന് പ്രയാസം നേരിട്ടു. എന്നാൽ സമീപത്തെ ഇടവഴികളിലെ ക്യാമറകളും ലഹരി സംഘങ്ങളെ കേന്ദ്രീകരിച്ചുള്ള അന്വേഷണവുമാണ് പ്രതിയെ കുടുക്കാൻ സഹായിച്ചത്. മലപ്പുറം വള്ളിക്കുന്ന് മുതൽ മാഹി വരെ പൊലീസ് കർശന നിരീക്ഷണം നടത്തിയിരുന്നു.
What's Your Reaction?