പാലക്കാട് സ്ട്രോങ്ങ് റൂം തുറക്കാനുള്ള നീക്കത്തിനെതിരെ യുഡിഎഫ്; സ്ഥാനാർഥികളെ അറിയിച്ചത് ഫോൺ വഴിയെന്ന് പരാതി
കോഴിക്കോട് സ്ട്രോങ്ങ് റൂം തുറന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കെയാണ് പാലക്കാടും സമാനമായ സാഹചര്യം ഉടലെടുത്തിരിക്കുന്നത്
പാലക്കാട്: വിക്ടോറിയ കോളേജിലെ സ്ട്രോങ്ങ് റൂം തുറക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വിവാദമാകുന്നു. നെന്മാറ നിയോജക മണ്ഡലത്തിലെ സ്ട്രോങ്ങ് റൂമാണ് തുറക്കുന്നത്. പ്രിസൈഡിങ് ഓഫീസറുടെ ഡയറി അകത്ത് മറന്നുവെച്ചതാണ് റൂം തുറക്കാൻ കാരണമെന്നാണ് ഔദ്യോഗിക വിശദീകരണം. കോഴിക്കോട് സ്ട്രോങ്ങ് റൂം തുറന്നതുമായി ബന്ധപ്പെട്ട വിവാദങ്ങൾ നിലനിൽക്കെയാണ് പാലക്കാടും സമാനമായ സാഹചര്യം ഉടലെടുത്തിരിക്കുന്നത്.
സ്ട്രോങ്ങ് റൂം തുറക്കുന്നതിലെ അസ്വാഭാവികത ചൂണ്ടിക്കാട്ടി യുഡിഎഫ് സ്ഥാനാർത്ഥി എ. തങ്കപ്പൻ രംഗത്തെത്തി. സ്ട്രോങ്ങ് റൂം തുറക്കുന്ന കാര്യം കമ്മീഷൻ അറിയിച്ചത് ഫോണിലൂടെ മാത്രമാണെന്നും രേഖാമൂലം അറിയിപ്പ് നൽകിയില്ലെന്നും യുഡിഎഫ് സ്ഥാനാർത്ഥി എ. തങ്കപ്പൻ പറഞ്ഞു. ഇടയ്ക്കിടെ തുറക്കുന്നത് സ്ട്രോങ്ങ് റൂമിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എല്ലാ സ്ഥാനാർത്ഥികളെയും രേഖാമൂലം അറിയിച്ചതിന് ശേഷം മാത്രമേ സ്ട്രോങ്ങ് റൂം തുറക്കൂ എന്ന് ജില്ലാ കളക്ടർ മാധവിക്കുട്ടി വ്യക്തമാക്കി. തുറക്കുന്നത് വോട്ടിംഗ് മെഷീനുകൾ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ്ങ് റൂമല്ലെന്നും, മറ്റ് സാമഗ്രികൾ സൂക്ഷിച്ചിട്ടുള്ള മെറ്റീരിയൽ സ്ട്രോങ്ങ് റൂമാണെന്നും കളക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കോഴിക്കോട് പേരാമ്പ്ര മണ്ഡലത്തിലെ സ്ട്രോങ്ങ് റൂം തുറന്നതുമായി ബന്ധപ്പെട്ട പരാതിയിൽ ജില്ലാ കളക്ടറോട് ചീഫ് ഇലക്ട്രൽ ഓഫീസർ റിപ്പോർട്ട് തേടിയിട്ടുണ്ട്. വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാം കൺവെൻഷൻ സെന്ററിലെ സ്ട്രോങ്ങ് റൂം അനുമതിയില്ലാതെ തുറന്നത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. തുറന്നത് ഇവിഎം സ്ട്രോങ്ങ് റൂമല്ലെന്നും റിസർവ് റൂമാണെന്നുമാണ് അധികൃതരുടെ വിശദീകരണം. എന്നാൽ നടപടിക്രമങ്ങൾ പാലിക്കുന്നതിൽ വീഴ്ചയുണ്ടായെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് മുന്നണികൾ.
What's Your Reaction?