സി.പി.എം വിട്ട് ബി.ജെ.പിയിലേക്ക്; അഡ്വ. സ്മിത സുന്ദരേശൻ വർക്കലയിൽ ബി.ജെ.പി സ്ഥാനാർഥിയാകും
പ്രമുഖ സി.പി.എം നേതാവായിരുന്ന സുന്ദരേശന്റെ മകളാണ് ഇവർ
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വർക്കലയിൽ സി.പി.എമ്മിന് കനത്ത തിരിച്ചടി. സി.പി.എം ഏരിയ കമ്മിറ്റി അംഗവും മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. സ്മിത സുന്ദരേശൻ പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നു. വർക്കല മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി സ്മിത സുന്ദരേശൻ മത്സരിക്കും.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്ന് അംഗത്വം സ്വീകരിച്ച സ്മിത, മോദിയുടെ വികസന നയങ്ങളിൽ ആകൃഷ്ടയായാണ് ബി.ജെ.പിയിലേക്ക് എത്തിയതെന്ന് വ്യക്തമാക്കി. പ്രമുഖ സി.പി.എം നേതാവായിരുന്ന സുന്ദരേശന്റെ മകളാണ് ഇവർ.
മുൻ വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, നിലവിലെ ബ്ലോക്ക് അംഗം, മുൻ ഒറ്റൂർ ഡിവിഷൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ബി.ജെ.പിയിൽ ചേരുന്നതിന് മുന്നോടിയായി ബ്ലോക്ക് പഞ്ചായത്ത് അംഗത്വം ഇവർ രാജിവെച്ചു. സി.പി.എമ്മിൽ വ്യക്തിതാൽപ്പര്യങ്ങൾക്കും സ്വാർത്ഥതയ്ക്കുമാണ് മുൻഗണനയെന്നും പാർട്ടിക്കുണ്ടായ മൂല്യച്യുതിയാണ് തന്നെ അകറ്റിയതെന്നും സ്മിത മാധ്യമങ്ങളോട് പറഞ്ഞു.
ബി.ജെ.പി കേന്ദ്രങ്ങളിൽ വലിയ ആശയക്കുഴപ്പങ്ങൾക്കൊടുവിലാണ് സ്മിതയുടെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചത്. വർക്കല സീറ്റ് ആദ്യം ബി.ഡി.ജെ.എസിന് നൽകാനായിരുന്നു തീരുമാനം. എന്നാൽ ഇതിനെതിരെ പ്രാദേശിക ബി.ജെ.പി പ്രവർത്തകർക്കിടയിൽ വ്യാപക പ്രതിഷേധമുയർന്നു.
ബി.ജെ.പി നേതാവ് ആലംകോട് ദാനശീലൻ വിമതനായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും പാർട്ടി ഗ്രൂപ്പുകളിൽ വോട്ട് മറിക്കാൻ ആഹ്വാനം വരികയും ചെയ്തിരുന്നു. പ്രതിഷേധം ശക്തമായതോടെ സീറ്റ് ബിജെപി തന്നെ ഏറ്റെടുക്കാൻ തീരുമാനിക്കുകയും സ്മിത സുന്ദരേശനെ സ്ഥാനാർത്ഥിയായി നിശ്ചയിക്കുകയുമായിരുന്നു.
What's Your Reaction?