സംസ്ഥാന ബജറ്റ് 2026: കേന്ദ്രത്തിനെതിരെ കടുത്ത വിമർശനം; ആശ, അങ്കണവാടി പ്രവർത്തകർക്ക് വേതന വർധന
അർഹമായ വിഹിതം വെട്ടിക്കുറയ്ക്കുന്നതിലൂടെ സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കവർന്നെടുക്കുകയാണെന്ന് മന്ത്രി ആരോപിച്ചു
സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും വികസന ക്ഷേമ പ്രവർത്തനങ്ങളിൽ ഊന്നൽ നൽകിക്കൊണ്ടുള്ള രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചു. പത്ത് വർഷത്തിനുള്ളിൽ 'ന്യൂ നോർമൽ കേരളം' യാഥാർഥ്യമാകുമെന്ന് പ്രഖ്യാപിച്ച മന്ത്രി, കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക നയങ്ങളെയും അവഗണനയെയും രൂക്ഷമായി വിമർശിച്ചുകൊണ്ടാണ് പ്രസംഗം ആരംഭിച്ചത്.
കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നത്. അർഹമായ വിഹിതം വെട്ടിക്കുറയ്ക്കുന്നതിലൂടെ സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കവർന്നെടുക്കുകയാണെന്ന് മന്ത്രി ആരോപിച്ചു.
കേരളത്തിന്റെ ഐക്യത്തിൽ വിഷം കലർത്താൻ വർഗീയ ശക്തികൾ ശ്രമിക്കുന്നുണ്ടെന്നും മതരാഷ്ട്ര വാദികൾ അവസരം കാത്തിരിക്കുകയാണെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. ഇന്ത്യയുടെ ആത്മാവായ ഫെഡറലിസം തകർക്കാനുള്ള നീക്കങ്ങൾക്കെതിരെ ബജറ്റിൽ പ്രതിഷേധം രേഖപ്പെടുത്തി.
ബജറ്റിന്റെ തുടക്കത്തിൽ തന്നെ വിവിധ മേഖലകളിലെ ഓണറേറിയം വർധിപ്പിച്ചുകൊണ്ട് മന്ത്രി പ്രഖ്യാപനങ്ങൾ നടത്തി. ആശ വർക്കർമാർക്ക് പ്രതിമാസ വേതനത്തിൽ 1,000 രൂപ വർധിപ്പിച്ചു. അങ്കണവാടി വർക്കർമാർക്ക് 1,000 രൂപയും ഹെൽപ്പർമാർക്ക് 500 രൂപയും വർധിപ്പിച്ചു. സാക്ഷരതാ പ്രേരക്മാർക്ക് 1,000 രൂപ വർധിപ്പിച്ചു.
സംസ്ഥാനത്തിന്റെ കടം താങ്ങാവുന്ന പരിധിയിലാണെന്നും കഴിഞ്ഞ നാല് വർഷത്തിനിടയിൽ വികസന രംഗത്ത് ഗുണപരമായ മാറ്റങ്ങളുണ്ടായെന്നും മന്ത്രി വ്യക്തമാക്കി. തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കാനുള്ള കേന്ദ്ര നീക്കങ്ങളെയും അദ്ദേഹം വിമർശിച്ചു.
What's Your Reaction?

