പുത്തൻ ലുക്കിൽ സ്കോഡ കുഷാക്ക് വിപണിയിൽ; ബുക്കിങ് ആരംഭിച്ചു, വിതരണം മാർച്ചിൽ
15,000 രൂപ മുൻകൂട്ടി നൽകി ഇപ്പോൾ വാഹനം ബുക്ക് ചെയ്യാവുന്നതാണ്
ജനപ്രിയ കോംപാക്ട് എസ്‌യുവി മോഡലായ കുഷാക്കിന്റെ പരിഷ്കരിച്ച പതിപ്പ് സ്കോഡ പുറത്തിറക്കി. പുതിയ ഫീച്ചറുകളും കൂടുതൽ കരുത്തുറ്റ സാങ്കേതിക മികവുമായാണ് വാഹനം എത്തുന്നത്. 15,000 രൂപ മുൻകൂട്ടി നൽകി ഇപ്പോൾ വാഹനം ബുക്ക് ചെയ്യാവുന്നതാണ്.
സ്കോഡയുടെ ഏറ്റവും പുതിയ ഡിസൈൻ ഭാഷ്യത്തിലാണ് പുതിയ കുഷാക്ക് നിർമ്മിച്ചിരിക്കുന്നത്. നേർത്ത എൽഇഡി ഹെഡ്ലൈറ്റുകളും അവയുമായി ബന്ധിപ്പിച്ചിരിക്കുന്ന സെഗ്മെന്റഡ് ലൈറ്റ് ബാറും മുൻഭാഗത്തിന് സ്പോർട്ടി ലുക്ക് നൽകുന്നു. ഇത് സ്കോഡ കോഡിയാക്കിന് സമാനമായ ഡിസൈനാണ്.
സിൽവർ സ്കിഡ് പ്ലേറ്റോടു കൂടിയ പുതിയ ബമ്പറാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ഈ വേരിയന്റിൽ ഗ്രില്ലിന് ചുറ്റും ചുവന്ന വരകളും ക്രോമിന് പകരം ഗ്ലോസ് ബ്ലാക്ക് ഫിനിഷും നൽകി കൂടുതൽ ആകർഷകമാക്കിയിട്ടുണ്ട്.
സീക്വൻഷ്യൽ ടേൺ ഇൻഡിക്കേറ്ററുകളും എൽഇഡി കണക്റ്റഡ് ലൈറ്റ് ബാറും പുതുതായി ഉൾപ്പെടുത്തി. ലൈറ്റ് ബാറിൽ സ്കോഡ എന്ന് പ്രകാശിക്കുന്ന അക്ഷരങ്ങളുമുണ്ട്. ചെറി റെഡ്, ഷിംല ഗ്രീൻ, സ്റ്റീൽ ഗ്രേ എന്നിങ്ങനെ മൂന്ന് പുതിയ കളർ ഓപ്ഷനുകൾ ലഭ്യമാണ്. വേരിയന്റിന് അനുസരിച്ച് 16 ഇഞ്ച്, 17 ഇഞ്ച് അലോയ് വീലുകൾ തിരഞ്ഞെടുക്കാം.
സ്കോഡ ഡീലർഷിപ്പുകൾ വഴിയോ ഓൺലൈനായോ 15,000 രൂപ നൽകി ബുക്ക് ചെയ്യാം. മാർച്ചിൽ വാഹനങ്ങളുടെ ഡെലിവറി ആരംഭിക്കും. ഹ്യുണ്ടായ് ക്രെറ്റ, കിയ സെൽറ്റോസ്, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ടൊയോട്ട ഹൈറൈഡർ എന്നിവയുമായാണ് കുഷാക്ക് മത്സരിക്കുന്നത്.
What's Your Reaction?

