സിൽവർലൈൻ കുറ്റികൾ ഇനി നീക്കാം; സ്ഥലമേറ്റെടുക്കൽ വിജ്ഞാപനം റദ്ദായതോടെ ഭൂഉടമകൾക്ക് ആശ്വാസം
കേന്ദ്രാനുമതി ലഭിക്കാത്തതും സംസ്ഥാന സർക്കാർ 'റീജണൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം' എന്ന ബദൽ പദ്ധതി പ്രഖ്യാപിച്ചതുമാണ് ഇതിലേക്ക് നയിച്ചത്
തിരുവനന്തപുരം-കാസർകോട് സിൽവർലൈൻ പദ്ധതിക്കായുള്ള സ്ഥലമേറ്റെടുക്കൽ വിജ്ഞാപനം റദ്ദായതോടെ, വർഷങ്ങളായി നിലനിന്നിരുന്ന ആശങ്കകൾക്ക് വിരാമമാകുന്നു. പദ്ധതിക്കായി ഭൂമിയിൽ സ്ഥാപിച്ചിരുന്ന മഞ്ഞക്കുറ്റികൾ നീക്കം ചെയ്യാൻ ഉടമകൾക്ക് ഇനി നിയമതടസമില്ല. കേന്ദ്രാനുമതി ലഭിക്കാത്തതും സംസ്ഥാന സർക്കാർ 'റീജണൽ റാപ്പിഡ് ട്രാൻസിസ്റ്റ് സിസ്റ്റം' എന്ന ബദൽ പദ്ധതി പ്രഖ്യാപിച്ചതുമാണ് ഇതിലേക്ക് നയിച്ചത്.
അതിരടയാള നിയമപ്രകാരം റവന്യൂ വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനത്തിന് ഒരു വർഷത്തെ കാലാവധി മാത്രമാണുണ്ടായിരുന്നത്. നിശ്ചിത സമയത്തിനുള്ളിൽ പഠനം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിക്കാത്തതിനാൽ ഈ വിജ്ഞാപനം സ്വാഭാവികമായും അസാധുവായി.
സാമൂഹിക ആഘാതപഠനത്തിന്റെ ഭാഗമായി അതിർത്തി നിശ്ചയിക്കാനാണ് മഞ്ഞക്കുറ്റികൾ സ്ഥാപിച്ചിരുന്നത്. എന്നാൽ ഹിയറിങ് നടത്താനോ പഠന റിപ്പോർട്ട് പ്രസിദ്ധീകരിക്കാനോ സാധിക്കാത്തതിനാൽ 2022-ൽ തുടങ്ങിയ ഈ നടപടികളെല്ലാം നിയമപരമായി ഇല്ലാതായി.
ഭൂമി ഏറ്റെടുക്കൽ നടപടികളിലേക്ക് കടന്നിരുന്നില്ലെന്നും കേവലം അതിർത്തി നിർണ്ണയം മാത്രമാണ് നടന്നതെന്നുമാണ് കെ-റെയിൽ അധികൃതർ നൽകുന്ന ഔദ്യോഗിക വിശദീകരണം. വിജ്ഞാപനം അസാധുവായ സാഹചര്യത്തിൽ ഭൂമിയിലെ അടയാളങ്ങൾ നീക്കം ചെയ്യുന്നതിന് ഇനി തടസ്സമില്ല.
ഭൂമി ഏറ്റെടുക്കൽ ഭീഷണി ഒഴിഞ്ഞതോടെ ഈ സ്ഥലങ്ങളുടെ ക്രയവിക്രയത്തിനും ബാങ്ക് വായ്പകൾക്കും ഉണ്ടായിരുന്ന തടസ്സങ്ങൾ നീങ്ങും. പദ്ധതി വീണ്ടും നടപ്പിലാക്കണമെങ്കിൽ വിശദമായ പദ്ധതിരേഖ (DPR) ഒഴികെയുള്ള എല്ലാ നടപടിക്രമങ്ങളും ആദ്യമേ തുടങ്ങേണ്ടി വരും. നിലവിലെ സാഹചര്യത്തിൽ അതിന് സാധ്യതയില്ല.
What's Your Reaction?