ഒരേയൊരു ജനകീയ നേതാവ്; പുന്നപ്രയുടെ വീരപുത്രന്‍

അച്യുതാനന്ദനിൽ നല്ലൊരു കമ്മ്യൂണിസ്റ്റുകാരനെ കണ്ടെത്തിയത് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി. കൃഷ്ണപിള്ളയാണ്

Jul 21, 2025 - 20:17
Jul 21, 2025 - 17:25
 0
ഒരേയൊരു ജനകീയ നേതാവ്; പുന്നപ്രയുടെ വീരപുത്രന്‍

കേരളത്തിലെ പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാവും ഇന്ത്യൻ സ്വാതന്ത്രസമര പോരാളിയുമാണ് വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ്. അച്യുതാനന്ദൻ. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ താലൂക്കിലെ പുന്നപ്രയിൽ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി 1923 ഒക്ടോബർ 20-ന് അദ്ദേഹം ജനിച്ചു. നാലു വയസ്സുള്ളപ്പോൾ അമ്മയും പതിനൊന്നാം വയസ്സിൽ അച്ഛനും മരിച്ചതിനെത്തുടർന്ന് അച്ഛന്റെ സഹോദരിയാണ് അച്യുതാനന്ദനെ വളർത്തിയത്. ഗംഗാധരൻ, പുരുഷോത്തമൻ എന്നിവർ അച്യുതാനന്ദൻ്റെ ജ്യേഷ്ഠ സഹോദരന്മാരും ആഴിക്കുട്ടി ഇളയ സഹോദരിയുമാണ്. അച്ഛൻ മരിച്ചതോടെ ഏഴാം ക്ളാസ്സിൽ വച്ച് പഠനം അവസാനിപ്പിച്ച ഇദ്ദേഹം ജ്യേഷ്ഠന്റെ സഹായിയായി കുറെക്കാലം ജൗളിക്കടയിൽ ജോലി നോക്കി. തുടർന്നു കയർ ഫാക്ടറിയിലും ജോലി ചെയ്തു. നിവർത്തനപ്രക്ഷോഭം നാട്ടിൽ കൊടുമ്പിരികൊണ്ടിരുന്ന കാലമായിരുന്നു ഇത്. ഇതിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട അച്യുതാനന്ദൻ 1938-ൽ സ്റ്റേറ്റ് കോൺഗ്രസ്സിൽ അംഗമായി ചേർന്നു. തുടർന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായ ഇദ്ദേഹം 1940-ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി.

അച്യുതാനന്ദനിൽ നല്ലൊരു കമ്മ്യൂണിസ്റ്റുകാരനെ കണ്ടെത്തിയത് കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന പി. കൃഷ്ണപിള്ളയാണ്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വളർത്താനായി അച്യുതാനന്ദനെ അദ്ദേഹം കുട്ടനാട്ടിലെ കർഷക തൊഴിലാളികൾക്കിടയിലേക്ക് വിട്ടു. അവിടെ നിന്ന് അച്യുതാനന്ദൻ വളർന്നത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ നേതൃനിരയിലേക്കായിരുന്നു. പുന്നപ്ര വയലാർ സമരത്തിൽ പങ്കെടുക്കവെ അറസ്റ്റ് വാറണ്ടിനെ തുടർന്ന് പൂഞ്ഞാറിലേയ്ക്ക് ഒളിവിൽ പോയി. പിന്നീട് പോലീസ് അറസ്റ്റിനെ തുടർന്ന് ലോക്കപ്പിൽ ക്രൂരമായ മർദ്ദനത്തിനിരയായി. പിന്നീട് നാലു വർഷക്കാലം പൂജപ്പുര സെൻട്രൽ ജയിലിൽ തടവിലായിരുന്നു. 

1952-ൽ വി.എസ്.അച്യുതാനന്ദൻ കമ്മ്യൂണിസ്റ്റ് പാർട്ടി ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. 1954-ൽ പാർട്ടി സംസ്ഥാന കമ്മറ്റിയിൽ അംഗമായ വി.എസ് 1956-ൽ ആലപ്പുഴ ജില്ലാ സെക്രട്ടറിയായതോടൊപ്പം തന്നെ പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായും തിരഞ്ഞെടുക്കപ്പെട്ടു. 1959-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി ദേശീയ കൗൺസിൽ അംഗം. 1964-ൽ കമ്മ്യൂണിസ്റ്റ് പാർട്ടി അഖിലേന്ത്യാടിസ്ഥാനത്തിൽ രണ്ടായി പിളർന്നതോടെ സി.പി.എം. കേന്ദ്രക്കമ്മറ്റിയംഗമായി. 1964 മുതൽ 1970 വരെ സി.പി.എം. ആലപ്പുഴ ജില്ലാ കമ്മറ്റിയുടെ ആദ്യ ജില്ലാ സെക്രട്ടറിയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിന് വഴിവച്ച 1964-ലെ ദേശീയ കൗൺസിൽ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എം രൂപീകരിച്ച കേരളത്തിൽ നിന്നുള്ള ഏഴുനേതാക്കളിൽ ഒരാളാണ് വി.എസ്.അച്യുതാനന്ദൻ.

1980 മുതൽ 1991 വരെ മൂന്നു തവണ പാർട്ടി സംസ്ഥാന സെക്രട്ടറിയായി. 1986 മുതൽ 2009 വരെ 23 വർഷം പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയിൽ അംഗം. 1965 മുതൽ 2016 വരെ പത്ത് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. ഒടുവിൽ മത്സരിച്ച 2016-ലെ കേരള നിയമസഭ തിരഞ്ഞെടുപ്പിലടക്കം മൊത്തം ഏഴു തവണ വിജയിക്കുകയും ചെയ്തു. 1992-1996, 2001-2006, 2011-2016 എന്നീ കേരള നിയമസഭകളിൽ അദ്ദേഹം പ്രതിപക്ഷ നേതാവായിരുന്നു. 1998 മുതൽ 2001 വരെ ഇടതുമുന്നണിയുടെ കൺവീനറായും പ്രവർത്തിച്ചു.

1986 മുതൽ 2009 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ പൊളിറ്റ് ബ്യൂറോയിലും 1964 മുതൽ 2015 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയിലും അംഗമായിരുന്ന ഇദ്ദേഹം പതിനൊന്നാം കേരള നിയമസഭയിലെ പ്രതിപക്ഷ നേതാവ്, പന്ത്രണ്ടാം കേരള നിയമസഭയിലെ മുഖ്യമന്ത്രി എന്നീ നിലകളിൽ കേരള രാഷ്ട്രീയത്തിലെ ഏറ്റവും ജനസമ്മതിയുള്ള നേതാവായാണ് വിലയിരുത്തപ്പെടുന്നത്. 2015 വരെ മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റിലും സംസ്ഥാന കമ്മിറ്റിയിലും അംഗമായിരുന്ന വി.എസ്. അച്യുതാനന്ദൻ 2015-ൽ ആലപ്പുഴയിൽ നടന്ന മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സമ്മേളനത്തിൽ നിന്ന് ഇറങ്ങിപ്പോന്നത് കേരള രാഷ്ട്രീയത്തിൽ വൻ വിവാദങ്ങൾക്ക് വഴിവച്ചു. പ്രതിനിധി സമ്മേളനത്തിലെ പാർട്ടിയുടെ പ്രവർത്തന റിപ്പോർട്ടിൽ വി.എസ്.അച്യുതാനന്ദനെതിരെ കടുത്ത വിമർശനം ഉയർന്നതോടെയായിരുന്നു വിവാദം സൃഷ്ടിച്ച ഇറങ്ങിപ്പോക്ക്. മതികെട്ടാനിലെ ഭൂമി കൈയേറ്റം, പ്ലാച്ചിമടയിലെ കുടിവെള്ള പ്രശ്നം, മറയൂരിലെ ചന്ദനക്കൊള്ള തുടങ്ങിയ ജനകീയ വിഷയങ്ങൾ ബഹുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിൽ അച്യുതാനന്ദൻ നിർണ്ണായക പങ്ക് വഹിച്ചിട്ടുണ്ട്.

2006-2011-ലെ പന്ത്രണ്ടാം കേരള നിയമസഭയിൽ കേരളത്തിലെ ഇരുപതാമത്തെ മുഖ്യമന്ത്രിയായിരുന്നു വി.എസ്.അച്യുതാനന്ദൻ. ഏറ്റവും കൂടിയ പ്രായത്തിൽ കേരളത്തിലെ മുഖ്യമന്ത്രിയായ വ്യക്തിയാണ് വി.എസ്.അച്യുതാനന്ദൻ 2006 മെയ് 18-ന് കേരളത്തിൻ്റെ പതിനൊന്നാമത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വി.എസിന് 83 വയസായിരുന്നു. സംസ്ഥാന മുഖ്യമന്ത്രി എന്ന നിലയിൽ ഒട്ടേറെ ജനക്ഷേമ പരിപാടികൾക്ക് വി.എസ്. തുടക്കമിട്ടു. ഭരണ പരിഷ്കാര കമ്മീഷൻ ചെയർമാൻ പദവി രാജിവച്ച് 2020 ജനുവരിയിൽ സജീവ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. മാധ്യമ പ്രവർത്തകനായ പി.കെ. പ്രകാശ് എഴുതിയ സമരം തന്നെ ജീവിതം എന്ന പുസ്തകം വി.എസ്.അച്യുതാനന്ദന്റെ ജീവചരിത്രമാണ്. 2005-ലെ മാധ്യമം വാർഷിക പതിപ്പിലാണ് അച്യുതാനന്ദന്റെ ജീവചരിത്രം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടത്. 2006-ലെ കേരള നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷമുന്നണിയെ അധികാരത്തിലെത്തിക്കുന്നതിൽ പതിനൊന്നാം കേരള നിയമസഭയിലെ മാർക്സിസ്റ്റ് പാർട്ടിയുടെ പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള അച്യുതാനന്ദന്റെ 5 വർഷക്കാലത്തെ തിളക്കമാർന്ന പ്രവർത്തനം പ്രയോജനപ്പെട്ടിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow