ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ ഇനി റോഡിലിറങ്ങില്ല; കസ്റ്റഡിയിലെടുക്കാൻ മോട്ടോർ വാഹന നിയമ ഭേദഗതി വരുന്നു
ഇന്ത്യയിലെ ആകെ വാഹനങ്ങളിൽ ഏകദേശം 56 ശതമാനവും ഇൻഷുറൻസ് ഇല്ലാതെയാണ് ഓടുന്നതെന്ന് 2025-ൽ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു
രാജ്യത്തെ നിരത്തുകളിൽ ഇൻഷുറൻസ് പരിരക്ഷയില്ലാതെ ഓടുന്ന വാഹനങ്ങളുടെ എണ്ണം വർധിക്കുന്നത് തടയാൻ കർശന നടപടികളുമായി കേന്ദ്ര സർക്കാർ. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ പിടിച്ചെടുക്കുന്നതുൾപ്പെടെയുള്ള വ്യവസ്ഥകൾ മോട്ടോർ വാഹന നിയമത്തിൽ ഉൾപ്പെടുത്താനാണ് പുതിയ നീക്കം.
ഇന്ത്യയിലെ ആകെ വാഹനങ്ങളിൽ ഏകദേശം 56 ശതമാനവും ഇൻഷുറൻസ് ഇല്ലാതെയാണ് ഓടുന്നതെന്ന് 2025-ൽ സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഏകദേശം 16.5 കോടി വാഹനങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷയില്ലെന്നാണ് കണക്കാക്കുന്നത്.
ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളിൽ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ പെർമിറ്റോ രജിസ്‌ട്രേഷനോ ഇല്ലാത്ത വാഹനങ്ങൾ പിടിച്ചെടുക്കാൻ ഉദ്യോഗസ്ഥർക്ക് അധികാരമുണ്ട്. ഇതേ മാതൃകയിൽ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങളും റോഡിൽ നിന്ന് നീക്കം ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
നിലവിലെ ശിക്ഷാ നടപടികൾ:
നിലവിൽ ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് താഴെ പറയുന്ന ശിക്ഷകളാണുള്ളത്:
ആദ്യ തവണ: 2000 രൂപ പിഴ.
രണ്ടാം തവണ: 4000 രൂപ പിഴ.
തടവ് ശിക്ഷ: മൂന്ന് മാസം വരെ തടവ് ലഭിക്കാനും നിയമത്തിൽ വ്യവസ്ഥയുണ്ട്.
പുതിയ നിയമ ഭേദഗതി സംബന്ധിച്ച നിർദ്ദേശങ്ങൾ ഉടൻ തന്നെ എല്ലാ സംസ്ഥാനങ്ങളിലെയും ഗതാഗത മന്ത്രിമാർക്കും ട്രാൻസ്‌പോർട്ട് കമ്മീഷണർമാർക്കും കൈമാറും. തേർഡ് പാർട്ടി ഇൻഷുറൻസ് എങ്കിലും ഓരോ വാഹനത്തിനും ഉണ്ടെന്ന് ഉറപ്പുവരുത്തുകയാണ് ഇതിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
What's Your Reaction?

