ശബരിമല സ്വർണക്കൊള്ള കേസ്: ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസ് അറസ്റ്റിൽ
കേസിലെ പതിനൊന്നാം പ്രതിയാണ് സി.പി.ഐ പ്രതിനിധിയായി ബോർഡിലെത്തിയ ശങ്കരദാസ്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം കെ.പി. ശങ്കരദാസിനെ പ്രത്യേക അന്വേഷണ സംഘം (SIT) അറസ്റ്റ് ചെയ്തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹത്തെ മുറിയിലേക്ക് മാറ്റിയതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ പതിനൊന്നാം പ്രതിയാണ് സി.പി.ഐ പ്രതിനിധിയായി ബോർഡിലെത്തിയ ശങ്കരദാസ്.
ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിനെതിരെ ഹൈക്കോടതി കഴിഞ്ഞ ദിവസം രൂക്ഷമായ വിമർശനം ഉന്നയിച്ചിരുന്നു. "അന്വേഷണത്തിൽ എന്ത് അസംബന്ധമാണ് നടക്കുന്നത്?" എന്ന് ചോദിച്ച കോടതി, പ്രതിയുടെ മകൻ പോലീസ് ഓഫീസർ ആയതുകൊണ്ടാണോ അറസ്റ്റ് വൈകുന്നതെന്നും ആരാഞ്ഞു. പ്രതി തുടർച്ചയായി ആശുപത്രിയിൽ കഴിയുന്നതിനെ പരിഹസിച്ച കോടതി, അന്വേഷണ സംഘത്തിന് കുറച്ചുകൂടി മാന്യത വേണമെന്നും ഓർമ്മിപ്പിച്ചു.
കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യഹർജി പരിഗണിക്കുമ്പോൾ, ശങ്കരദാസ് അബോധാവസ്ഥയിലാണെന്നാണ് പ്രതിഭാഗം വാദിച്ചത്. ഇതിനായി ഫോട്ടോകളും ചികിത്സാ രേഖകളും ഹാജരാക്കിയിരുന്നു. എന്നാൽ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചതോടെ പ്രതിരോധം പാളി. ഐ.സി.യുവിൽ നിന്ന് മാറ്റിയ ഉടൻ തന്നെ എസ്.ഐ.ടി എത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
അറസ്റ്റ് വിവരം അന്വേഷണ സംഘം കൊല്ലം കോടതിയെ ഔദ്യോഗികമായി അറിയിച്ചു. ഇദ്ദേഹത്തെ ആശുപത്രിയിൽ നിന്ന് മാറ്റുന്ന കാര്യത്തിൽ കോടതിയുടെ നിർദ്ദേശാനുസരണം തീരുമാനമെടുക്കും. എ. പത്മകുമാർ ബോർഡ് ചെയർമാനായിരുന്ന കാലയളവിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
What's Your Reaction?

