പത്തനംതിട്ട: മണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് തുടക്കം കുറിച്ച് ശബരിമല ക്ഷേത്രനട ഇന്ന് വൈകിട്ട് അഞ്ചിന് തുറക്കും. തന്ത്രി താഴമൺ കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺകുമാർ നമ്പൂതിരി നട തുറക്കും. പുതിയ ശബരിമല മേല്‍ശാന്തിയായി ഇ.ഡി പ്രസാദും മാളികപ്പുറം മേല്‍ശാന്തിയായി എം.ജി മനുവും സ്ഥാനമേല്‍ക്കും.
തുടര്‍ന്ന് മേല്‍ശാന്തി പതിനെട്ടാം പടിയിറങ്ങി ശ്രീകോവിലില്‍ നിന്നുള്ള ദീപം കൊണ്ട് ആഴി ജ്വലിപ്പിക്കും. 6.30ഓടെ ശബരിമല സോപാനത്ത് നിയുക്ത ശബരിമല മേൽശാന്തി പ്രസാദ് നമ്പൂതിരിയെ തന്ത്രി അഭിഷേകം ചെയ്ത് അവരോധിക്കും. തുടർന്ന് മാളികപ്പുറം ക്ഷേത്രനടയിൽ നിയുക്ത മേൽശാന്തി മനു നമ്പൂതിയുടെ അവരോധിക്കൽ ചടങ്ങും നടക്കും.
പ്രതിദിനം തൊണ്ണൂറായിരം പേര്‍ക്കാണ് പ്രവേശനം അനുവദിക്കുക. ഓൺലൈനായി 70,000 പേർക്കും തൽസമയ ബുക്കിംഗ് വഴി 20000 പേർക്കും ഒരു ദിവസം ദർശനത്തിന് സൗകര്യമുണ്ട്. ആദ്യ ദിവസങ്ങളിലെ ബുക്കിംഗ് ഇതിനോടകം പൂർത്തിയായി.
മണ്ഡല സീസണിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. പമ്പയിൽ നിന്ന് തീർഥാടകരെ ഉച്ചമുതൽ സന്നിധാനത്തേക്ക് കയറ്റിവിടും. തിങ്കളാഴ്ച പുലർച്ചെ വൃശ്ചിക പുലരിയിൽ ശബരിമല, മാളികപ്പുറം മേൽശാന്തിമാർ നട തുറന്ന് ഭക്തരെ പ്രവേശിപ്പിക്കുന്നതോടെ ഈ വർഷത്തെ തീർഥാടന കാലത്തിന് തുടക്കമാകും.
മറ്റന്നാള്‍ മുതല്‍ പുലര്‍ച്ചെ 3 മണിക്ക് നട തുറക്കും. നിര്‍മ്മാല്യം അഭിഷേകം 3 മുതല്‍ 3.30 വരെ നടക്കും. ഉഷ പൂജ 7.30 മുതല്‍ 8 വരെ നടക്കും. 12 മണിക്കാണ് ഉച്ച പൂജ. 6.30ന് ദീപാരാധനയും രാത്രി 9.15 മുതല്‍ അത്താഴ പൂജയും നടക്കും. 10.45ന് ഹരിവരാസനം ചൊല്ലി 11.00 മണിയോടെ നട അടയ്ക്കും. ഡിസംബര്‍ 2 വരെ വെര്‍ച്യുല്‍ ക്യൂ ബുക്കിങ്ങില്‍ ഒഴിവില്ല. പമ്പയില്‍ ഒരേസമയം 10,000 പേര്‍ക്ക് വിശ്രമിക്കാന്‍ കഴിയുന്ന പത്ത് നടപ്പന്തലുകളും ജര്‍മന്‍ പന്തലും ഉണ്ട്.