എത്യോപ്യയില്‍‍ മാര്‍ബഗ് വൈറസ് വ്യാപനം; 88% വരെയാണ് മരണനിരക്ക് 

മാർബഗ് വൈറസ് എബോളയ്ക്ക് സമാനമായ ഒരു മാരക രോഗമാണ്

Nov 16, 2025 - 10:16
Nov 16, 2025 - 10:17
 0
എത്യോപ്യയില്‍‍ മാര്‍ബഗ് വൈറസ് വ്യാപനം; 88% വരെയാണ് മരണനിരക്ക് 

അഡിസ് അബാബ: കിഴക്കൻ ആഫ്രിക്കൻ രാജ്യമായ എത്യോപ്യയിൽ മാരകമായ മാർബഗ് വൈറസ് (Marburg Virus) ഔട്ട്‌ബ്രേക്ക് സ്ഥിരീകരിച്ചു. രാജ്യത്തെ സൗത്ത് സുഡാനുമായി അതിർത്തി പങ്കിടുന്ന ഓമോ മേഖലയിൽ ഒമ്പത് പേരിലാണ് വൈറസ് ബാധ കണ്ടെത്തിയത്.

കിഴക്കൻ ആഫ്രിക്കൻ രാജ്യങ്ങളിൽ നേരത്തെ പൊട്ടിപ്പുറപ്പെട്ട വൈറസിന്റെ അതേ വകഭേദമാണ് എത്യോപ്യയിലും സ്ഥിരീകരിച്ചതെന്ന് ലോകാരോഗ്യ സംഘടന (WHO) അറിയിച്ചു. വൈറസ് വ്യാപനം തടയുന്നതിനായി പ്രത്യേക സംഘത്തെ WHO എത്യോപ്യയിൽ നിയോഗിച്ചിട്ടുണ്ട്. അടുത്ത കാലത്തായി മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലൊന്നും ഈ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ല.

മാർബഗ് വൈറസ് എബോളയ്ക്ക് സമാനമായ ഒരു മാരക രോഗമാണ്. ഈ വൈറസ് ബാധിച്ചവരിൽ 88% വരെയാണ് മരണനിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്. പഴംതീനി വവ്വാലുകളിൽ നിന്നാണ് ഇത് മനുഷ്യരിലേക്ക് പകരുന്നത്. രോഗബാധിതരുമായി അടുത്ത് ഇടപഴകുന്നതിലൂടെയും അവരുടെ ശരീര സ്രവങ്ങളിലൂടെയും രോഗാണുക്കളുള്ള പ്രതലങ്ങളിലൂടെയും ഇത് മറ്റുള്ളവരിലേക്ക് വ്യാപിക്കും.

കഴിഞ്ഞ വർഷം റുവാണ്ടയിൽ മാർബഗ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. പഴംതീനി വവ്വാലുകൾ താമസിച്ചിരുന്ന ഗുഹയിലെ ഖനന പ്രവർത്തനത്തിനിടെയാണ് അന്ന് വൈറസ് മനുഷ്യരിലേക്ക് പടർന്നതെന്ന് കണ്ടെത്തിയിരുന്നു.

മാർബഗ് വൈറസ് ബാധയ്ക്ക് നിലവിൽ പ്രത്യേക ചികിത്സയോ വാക്സിനുകളോ ലഭ്യമല്ല. കടുത്ത പനി, തലവേദന, പേശീവേദന എന്നിവയാണ് പ്രാഥമിക ലക്ഷണങ്ങൾ. അസുഖം രൂക്ഷമാകുന്നതോടെ കഠിനമായ വയറിളക്കം, ഛർദ്ദി, തുടർന്ന് ആന്തരികവും ബാഹ്യവുമായ രക്തസ്രാവം തുടങ്ങിയവ ഉണ്ടാകാം. 1967-ൽ ജർമ്മനിയിലെ മാർബർഗ്, ഫ്രാങ്ക്ഫർട്ട് തുടങ്ങിയ സ്ഥലങ്ങളിലാണ് ഈ വൈറസ് ബാധ ആദ്യമായി റിപ്പോർട്ട് ചെയ്തത്. തുടർന്നാണ് ഇതിന് മാർബഗ് വൈറസ് എന്ന പേര് ലഭിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow