യുക്രെയ്‌നിൽ റഷ്യൻ ഡ്രോൺ ആക്രമണം; 14 പേർ കൊല്ലപ്പെട്ടു, ആശുപത്രികൾക്കും ബസിനും നേരെ ആക്രമണം
റീജനൽ ഗവർണർ ഒലെക്സാണ്ടർ ഹൻഷാ നൽകുന്ന വിവരമനുസരിച്ച്, യാത്രക്കാർ സഞ്ചരിച്ചിരുന്ന ബസിനു നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു
കീവ്: യുക്രെയ്‌നിലെ വിവിധ നഗരങ്ങളിൽ റഷ്യ നടത്തിയ ഡ്രോൺ, ഷെല്ലാക്രമണങ്ങളിൽ വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. ശനിയാഴ്ച രാത്രിയും ഞായറാഴ്ചയുമായി നടന്ന ആക്രമണങ്ങളിൽ ആകെ 14 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്തു.
റീജനൽ ഗവർണർ ഒലെക്സാണ്ടർ ഹൻഷാ നൽകുന്ന വിവരമനുസരിച്ച്, യാത്രക്കാർ സഞ്ചരിച്ചിരുന്ന ബസിനു നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു. ഏഴു പേർക്ക് പരുക്കേറ്റു. മറ്റൊരു ഭാഗത്ത് നടന്ന ആക്രമണത്തിൽ ഒരു പുരുഷനും സ്ത്രീയും കൂടി കൊല്ലപ്പെട്ടതോടെ ആകെ മരണസംഖ്യ 14 ആയി.
റഷ്യ ഏകദേശം 90 ഡ്രോണുകൾ വിക്ഷേപിച്ചതായി യുക്രെയ്ൻ വ്യോമസേന അറിയിച്ചു. ഇതിൽ 14 എണ്ണം വിവിധ സ്ഥലങ്ങളിൽ പതിച്ചു. സാപോറീഷ്യയിലെ ഒരു ആശുപത്രിക്കു നേരെയും ഡ്രോൺ ആക്രമണമുണ്ടായി. ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ തീപിടിത്തമുണ്ടായെങ്കിലും പിന്നീട് നിയന്ത്രണവിധേയമാക്കി. ഇവിടെ ആറു പേർക്ക് പരുക്കേറ്റു.
തെക്കൻ യുക്രെയ്‌നിലെ ഖേർസനിൽ നടന്ന ഷെല്ലാക്രമണത്തിൽ 59 വയസ്സുകാരിക്ക് ഗുരുതരമായി പരുക്കേറ്റു. യുക്രെയ്‌നിലെ തന്ത്രപ്രധാനമായ ഇടങ്ങളെയും സാധാരണക്കാരുടെ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം കടുപ്പിക്കുന്നത്. യുക്രെയ്ൻ വ്യോമസേന കൂടുതൽ ഡ്രോണുകളെ വെടിവെച്ചിടാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
What's Your Reaction?

