വിജയ്‌പൂർ: മധ്യപ്രദേശിൽ സ്കൂൾ കുട്ടികൾക്ക് ഉച്ചഭക്ഷണം പത്ര കടലാസിൽ നൽകിയ സംഭവത്തിൽ വിമർശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. മധ്യപ്രദേശിലെ ഹല്‍പൂര്‍ ഗ്രാമത്തിലെ മിഡില്‍ സ്‌കൂളിലാണ് പേപ്പറില്‍ ഉച്ചഭക്ഷണം നല്‍കിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ രാഹുൽ ഗാന്ധി പങ്കുവച്ചു.
മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ലജ്ജിക്കണം എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കു വച്ചിരിക്കുന്നത്. രാജ്യത്തിന്റെ ഭാവിയായ നിഷ്കളങ്കരായ കുട്ടികൾക്ക് ഭക്ഷണം കഴിക്കാൻ ഒരു പ്ലേറ്റ് പോലും ഇല്ല. 20 വർഷത്തിലേറെയായ ബിജെപി ഭരണത്തിൽ കുട്ടികളുടെ പ്ലേറ്റുകൾ പോലും മധ്യപ്രദേശിൽ മോഷ്ടിക്കപ്പെട്ടു. ബിജെപിയുടെ വികസനം എന്നത് വെറും മായ മാത്രമാണെന്നും രാഹുൽ കുറിച്ചു.
തന്റെ ഹൃദയം തകർന്നുപോയെന്നും രാഹുൽ ഗാന്ധി വീഡിയോ പങ്കുവെച്ചുകൊണ്ട് എക്‌സിൽ കുറിച്ചു. സംഭവം ശ്രദ്ധയിൽപ്പെട്ടതിന് പിന്നാലെ വിജയ്പൂരിലെ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ സ്കൂളിലെത്തി പരിശോധന നടത്തിയ ശേഷം റിപ്പോർട്ട് സമർപ്പിച്ചു.