79 കോടിയുടെ കോർപ്പറേഷൻ ഫണ്ട് തട്ടിപ്പ്: മുൻ കമ്മീഷണർ റാം കുമാർ സിംഗിനെ സിബിഐ അറസ്റ്റ് ചെയ്തു

Jun 19, 2026 - 00:32
Jun 19, 2026 - 00:32
 0
79 കോടിയുടെ കോർപ്പറേഷൻ ഫണ്ട് തട്ടിപ്പ്: മുൻ കമ്മീഷണർ റാം കുമാർ സിംഗിനെ സിബിഐ അറസ്റ്റ് ചെയ്തു

 ഗുരുഗ്രാം : പഞ്ച്കുള മുൻസിപ്പൽ കോർപ്പറേഷനിൽ 79 കോടി രൂപയുടെ വൻ സാമ്പത്തിക തിരിമറി നടത്തിയ കേസിൽ മുൻ കമ്മീഷണർ റാം കുമാർ സിംഗിനെ കേന്ദ്രാന്വേഷണ ഏജൻസി (സിബിഐ) അറസ്റ്റ് ചെയ്തു. ഹരിയാന ധനവകുപ്പിന്റെ കർശനമായ ചട്ടങ്ങൾ കാറ്റിൽപ്പറത്തി ചണ്ഡീഗഡ് സെക്ടർ 32-ലെ ഐഡിഎഫ്‌സി ബാങ്ക് ശാഖയിൽ കോർപ്പറേഷന്റെ പേരിൽ വ്യാജ അക്കൗണ്ട് ആരംഭിച്ചായിരുന്നു തട്ടിപ്പ്. പരിശോധനകളിൽ ക്രമക്കേട് പെട്ടെന്ന് കണ്ടെത്താൻ കഴിയാത്ത രീതിയിലാണ് ഇതിന്റെ രേഖകൾ ചമച്ചിരുന്നതെന്നും സിബിഐ വ്യക്തമാക്കി.

ഫിക്സഡ് ഡെപ്പോസിറ്റുകൾ (എഫ്.ഡി) ആരംഭിക്കാനെന്ന വ്യാജേന ഒരു ഇടനിലക്കാരൻ വഴി ഒപ്പിട്ട ചെക്കുകൾ റാം കുമാർ സിംഗ് ബാങ്ക് അധികൃതർക്ക് കൈമാറുകയായിരുന്നു. എന്നാൽ ബാങ്കിൽ യാതൊരുവിധ നിക്ഷേപങ്ങളും നടത്താതെ, ഈ ചെക്കുകൾ ഉപയോഗിച്ച് തുക മുഴുവൻ പിൻവലിച്ചു. ഇങ്ങനെ തട്ടിയെടുത്ത കോടിക്കണക്കിന് രൂപ കേസിൽ പ്രതികളായ ബാങ്ക് ഉദ്യോഗസ്ഥരുടെ കീഴിലുള്ള ഷെൽ (പേപ്പർ) കമ്പനികളിലേക്ക് മാറ്റിയതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. ഈ വൻ അഴിമതിയെക്കുറിച്ച് കോർപ്പറേഷനിലെ സീനിയർ അക്കൗണ്ടന്റിന് കൃത്യമായ അറിവുണ്ടായിരുന്നുവെന്നും ഇയാളെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സിബിഐ അറിയിച്ചു.

അറസ്റ്റിന് മുന്നോടിയായി ചണ്ഡീഗഡിലെയും കർണാലിലെയും സിംഗിന്റെ വസതികളിൽ സിബിഐ നടത്തിയ റെയ്ഡിൽ നിർണായക രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. കേസിന്റെ പശ്ചാത്തലത്തിൽ റാം കുമാർ സിംഗിനെയും മറ്റൊരു ഐഎഎസ് ഉദ്യോഗസ്ഥനായ പ്രദീപ് കുമാറിനെയും ചീഫ് സെക്രട്ടറി അനുരാഗ് രസ്തോഗി കഴിഞ്ഞ ഏപ്രിൽ 8-ന് അടിയന്തരമായി സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow