ആൺസുഹൃത്തിന്റെ ക്രൂരമർദ്ദനം: കണ്ണൂരിൽ മനംനൊന്ത് യുവതി ജീവനൊടുക്കി, പോലീസിൽ പരാതി നൽകി കുടുംബം

Jun 19, 2026 - 00:16
Jun 19, 2026 - 00:20
 0
ആൺസുഹൃത്തിന്റെ ക്രൂരമർദ്ദനം: കണ്ണൂരിൽ മനംനൊന്ത് യുവതി ജീവനൊടുക്കി, പോലീസിൽ പരാതി നൽകി കുടുംബം

കണ്ണൂർ പാനൂരിൽ ആൺസുഹൃത്തിന്റെ ക്രൂരമായ മർദ്ദനത്തിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. പാനൂർ വള്ളങ്ങാട് സ്വദേശിനിയായ ആദിത്യ അനിൽകുമാർ ആണ് ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ ഞായറാഴ്ച വീട്ടിൽ വെച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ആദിത്യയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് മരണപ്പെട്ട യുവതിയുടെ ശരീരത്തിൽ മർദ്ദനമേറ്റതിന്റെ നിരവധി പാടുകൾ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ ആദിത്യയുടെ അമ്മ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ പാനൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂൺ എട്ടിന് തലശ്ശേരിയിൽ വെച്ചാണ് ആദിത്യയ്ക്ക് ആൺസുഹൃത്തായ മനേക്കര സ്വദേശിയിൽ നിന്നും ക്രൂരമായ മർദ്ദനമേറ്റത്. മർദ്ദനവിവരവും ഇതിനെത്തുടർന്നുണ്ടായ കടുത്ത മാനസിക വിഷമവും ആദിത്യ വീട്ടിലെത്തി അമ്മയോടും ബന്ധുക്കളോടും തുറന്നുപറഞ്ഞിരുന്നു. സുഹൃത്തിന്റെ മർദ്ദനം കടുത്ത മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെന്നും ഇതാണ് ജീവനൊടുക്കാൻ പ്രേരിപ്പിച്ചതെന്നും ആദിത്യ ചികിത്സയിലിരിക്കെ അമ്മയോട് വെളിപ്പെടുത്തിയിരുന്നതായും കുടുംബം പറയുന്നു.

ഞായറാഴ്ച ആത്മഹത്യാശ്രമം നടത്തിയ ആദിത്യയെ ആദ്യം തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. എന്നാൽ ആരോഗ്യനില വഷളായതോടെ കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. നിലവിൽ മിംസ് ആശുപത്രിയിലുള്ള മൃതദേഹം നാളെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി പോസ്റ്റ്‌മോർട്ടം നടത്തും. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം കേസിൽ കൂടുതൽ ശക്തമായ തുടർനടപടികൾ സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow