കണ്ണൂരിൽ സുധാകരന് സീറ്റില്ല; പാർട്ടി വിടുമെന്ന് ഭീഷണി; സ്വതന്ത്രനായി മത്സരിച്ചേക്കും

എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡിന്റെ കർശന നിലപാടാണ് സുധാകരന് തിരിച്ചടിയായത്

Mar 19, 2026 - 10:10
Mar 19, 2026 - 10:10
 0
കണ്ണൂരിൽ സുധാകരന് സീറ്റില്ല; പാർട്ടി വിടുമെന്ന് ഭീഷണി; സ്വതന്ത്രനായി മത്സരിച്ചേക്കും

കണ്ണൂർ സ്ഥാനാർഥി പട്ടികയിൽ നിന്ന് ഒഴിവാക്കിയതിൽ കടുത്ത അതൃപ്തിയുമായി കെ.സുധാകരൻ. ഹൈക്കമാൻഡ് തീരുമാനം വഞ്ചനയാണെന്ന് ആരോപിച്ച സുധാകരൻ, കോൺഗ്രസ് പ്രവർത്തക സമിതിയിൽ നിന്ന് രാജിവയ്ക്കുന്നതിനെക്കുറിച്ചും സ്വതന്ത്രനായി മത്സരിക്കുന്നതിനെക്കുറിച്ചും ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ.

എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടെന്ന ഹൈക്കമാൻഡിന്റെ കർശന നിലപാടാണ് സുധാകരന് തിരിച്ചടിയായത്. ഇതേത്തുടർന്ന് കണ്ണൂരിൽ മുൻ മേയർ ടി.ഒ. മോഹനനെ സ്ഥാനാർഥിയായി പരിഗണിക്കുന്നതായാണ് വിവരം. സ്ഥാനാർഥി പട്ടികയിൽ നിന്ന് തന്നെ തഴഞ്ഞത് തന്നെ അപമാനിക്കുന്നതിന് തുല്യമാണെന്നാണ് സുധാകരന്റെ പക്ഷം. ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് അദ്ദേഹം മാധ്യമങ്ങളെ കണ്ട് തന്റെ നിലപാട് വ്യക്തമാക്കും.

"11 മണി വരെ കാത്തിരിക്കണം, പ്രകോപിതരാകരുത്" എന്നാണ് സുധാകരൻ തന്റെ അനുയായികൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. സുധാകരന്റെ അടുത്ത ബന്ധുക്കളുമായി ബിജെപി കേന്ദ്ര നേതൃത്വം ഫോണിൽ സംസാരിച്ചതായും സൂചനകളുണ്ട്. ഇത് കോൺഗ്രസ് ക്യാമ്പുകളിൽ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

ലോക്സഭയിൽ കോൺഗ്രസ് എംപിമാരുടെ എണ്ണം കുറയുന്നത് ഒഴിവാക്കാൻ എംപിമാരെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കേണ്ടെന്ന് എഐസിസി തീരുമാനിക്കുകയായിരുന്നു. സുധാകരനെക്കൂടാതെ കോന്നി സീറ്റ് ആവശ്യപ്പെട്ട അടൂർ പ്രകാശിനും ഹൈക്കമാൻഡ് സീറ്റ് നിഷേധിച്ചിട്ടുണ്ട്. കോന്നിയിൽ സതീഷ് കൊച്ചുപറമ്പിൽ സ്ഥാനാർഥിയായേക്കും.

സുധാകരനെ മാറ്റിയ സാഹചര്യത്തിൽ കണ്ണൂർ കോട്ട നിലനിർത്താൻ ടി.ഒ. മോഹനനെ രംഗത്തിറക്കാനാണ് കോൺഗ്രസ് നീക്കം. എന്നാൽ സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചാൽ അത് കണ്ണൂരിലെ യുഡിഎഫ് വോട്ട് ബാങ്കിനെ കാര്യമായി ബാധിക്കും.

What's Your Reaction?

like

dislike

love

funny

angry

sad

wow