പത്തനംതിട്ട പീഡനക്കേസ്: മുൻ ജീവനക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, കുട്ടിയുടെ മൊഴി രേഖപ്പെടുത്തി

Jun 19, 2026 - 11:24
Jun 19, 2026 - 11:24
 0
പത്തനംതിട്ട പീഡനക്കേസ്: മുൻ ജീവനക്കാരിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ, കുട്ടിയുടെ മൊഴി രേഖപ്പെടുത്തി

പത്തനംതിട്ട: എലോഹിം ഗ്ലോബല്‍ വര്‍ഷിപ്പ് സെന്ററിനെതിരെയുള്ള ക്രൂര പീഡനവിവരങ്ങൾ ഒന്നൊന്നായി പുറത്തുവരുന്നു. സ്ഥാപനത്തിൽ കുട്ടികളെ യാതൊരു കാരണവുമില്ലാതെ ക്രൂരമായി മർദ്ദിക്കാറുണ്ടെന്നും ഒരു ജയിലിന് സമാനമായ അന്തരീക്ഷമാണ് അവിടെയുള്ളതെന്നും മുൻ ജീവനക്കാരി വെളിപ്പെടുത്തി. വലിയ വടികൾ ഉപയോഗിച്ചും കൈകൊണ്ടും ഇവിടെയുള്ളവരെ ഇവർ മർദ്ദിക്കാറുണ്ട്. 17-കാരൻ പീഡിപ്പിക്കപ്പെട്ട വിവരം വീട്ടിലറിയിച്ചതിന് തന്നെ ബിനു വാഴമുട്ടം ഭീഷണിപ്പെടുത്തിയതായും, സ്ഥാപനത്തിന് എന്ത് സംഭവിച്ചാലും പൂർണ്ണ ഉത്തരവാദിത്തം തനിക്കാണെന്ന് നിർബന്ധിച്ച് എഴുതി വാങ്ങിയതായും ഇടുക്കി സ്വദേശിനിയായ മുൻ ജീവനക്കാരി റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. കൂടുതൽ പേർ ഇനിയും അവിടെ പീഡനം അനുഭവിക്കുന്നുണ്ടെന്നും അവരെ അടിയന്തരമായി മോചിപ്പിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

അതേസമയം, സംഭവത്തിൽ ഇരയായ ഇടുക്കി അണക്കര സ്വദേശിയായ പതിനേഴുകാരന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്നലെ രാത്രിയോടെ ഇടുക്കിയിലെ കുട്ടിയുടെ വീട്ടിലെത്തിയാണ് പത്തനംതിട്ട ഇലവുംതിട്ട പൊലീസ് മൊഴി എടുത്തത്. കുടുംബത്തോട് പത്തനംതിട്ടയിലേക്ക് വരാനാണ് പോലീസ് ആദ്യം ആവശ്യപ്പെട്ടിരുന്നതെങ്കിലും, മാധ്യമ വാർത്ത ശ്രദ്ധയിൽപ്പെട്ട മന്ത്രി ബിന്ദു കൃഷ്ണയുടെ ഇടപെടലിനെ തുടർന്ന് പോലീസ് കുട്ടിയുടെ വീട്ടിലേക്ക് നേരിട്ടെത്തുകയായിരുന്നു. പഠനവും ജോലിയും വാഗ്ദാനം ചെയ്ത് മൂന്ന് മാസം മുൻപാണ് കുട്ടിയെ ഇവർ പത്തനംതിട്ടയിലെത്തിച്ചത്. എന്നാൽ പഠനം നടക്കാതെ വരികയും സ്ഥാപനത്തിലെ ജോലികൾ മാത്രം ചെയ്യിക്കുകയും ചെയ്തത് ചോദ്യം ചെയ്തതോടെയാണ് കുട്ടിക്കെതിരെ ക്രൂരത ആരംഭിച്ചത്. ഒടുവിൽ മോഷണക്കുറ്റം ആരോപിച്ച് കുട്ടിയെ ചൂരൽ കൊണ്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ റെജി, ബെന്നി, സിജോ എന്നീ മൂന്ന് പേരെ പ്രതിചേർത്ത് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസ് കട്ടപ്പന പോലീസ് പത്തനംതിട്ട പോലീസിന് കൈമാറും. ഇതേ സ്ഥാപനത്തിന് കീഴിലുള്ള മഞ്ഞനിക്കരയിലെ സ്‌നേഹത്തണല്‍ വൃദ്ധസദനത്തിലും കോട്ടയം സ്വദേശിയായ മറ്റൊരു പതിനേഴുകാരന് ക്രൂരമായി മർദ്ദനമേറ്റിട്ടുണ്ട്. കൈക്കും കാലിനും പരിക്കേറ്റ ഈ കുട്ടിയെ ശിശുക്ഷേമ സമിതി ഇടപെട്ട് മറ്റൊരു ഷെൽട്ടർ ഹോമിലേക്ക് മാറ്റി. ഇതിന് പിന്നാലെ ഈ വൃദ്ധസദനത്തിലെ മറ്റ് അന്തേവാസികളെയും ഇന്നലെ ഇവിടെ നിന്നും മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow