ടിനി ടോമിനെതിരെ കോടതിയിലേക്ക് അൻസിബ; നടിക്കെതിരെ അച്ചടക്ക നടപടിയുമായി അമ്മ

Jun 19, 2026 - 11:34
Jun 19, 2026 - 11:34
 0
ടിനി ടോമിനെതിരെ കോടതിയിലേക്ക് അൻസിബ; നടിക്കെതിരെ അച്ചടക്ക നടപടിയുമായി അമ്മ

കൊച്ചി: ചലച്ചിത്ര താരങ്ങളുടെ സംഘടനയായ 'അമ്മ'യും നടി അൻസിബ ഹസനും തമ്മിലുള്ള ഭിന്നത കൂടുതൽ രൂക്ഷമാകുന്നു. സംഘടനയുടെ ഭരണഘടനയ്ക്ക് വിരുദ്ധമായി മാധ്യമങ്ങളിലൂടെ പരസ്യപ്രതികരണം നടത്തിയതിന് അൻസിബയ്‌ക്കെതിരെ ശക്തമായ അച്ചടക്ക നടപടിക്കൊരുങ്ങുകയാണ് 'അമ്മ'. ഇന്ന് ചേരുന്ന എക്‌സിക്യൂട്ടീവ് യോഗത്തിൽ ഈ വിഷയം ചർച്ച ചെയ്യും. നേരത്തെ പരസ്യ പ്രതികരണങ്ങളുടെ പേരിൽ അൻസിബ, ലക്ഷ്മിപ്രിയ എന്നിവരടക്കമുള്ളവർക്ക് സംഘടന കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. എന്നാൽ നിശ്ചിത സമയപരിധി കഴിഞ്ഞിട്ടും അൻസിബ വിശദീകരണം നൽകാത്തതിനാലാണ് കടുത്ത നടപടിയിലേക്ക് നീങ്ങാൻ സംഘടന തീരുമാനിച്ചത്. ഉള്ളിൽ പറയേണ്ട കാര്യങ്ങൾ മാധ്യമങ്ങളിലൂടെ വഷളാക്കിയെന്നാണ് സംഘടനയുടെ വിലയിരുത്തൽ. ഇന്നത്തെ യോഗത്തിൽ ഈ വിഷയം വോട്ടിനിട്ട ശേഷം, ഞായറാഴ്ച നടക്കുന്ന ജനറൽ ബോഡി യോഗത്തിൽ അന്തിമ തീരുമാനം പ്രഖ്യാപിക്കും.

അതേസമയം, നടൻ ടിനി ടോമിനെതിരായ പരാതിയിൽ എറണാകുളം മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് അൻസിബ. സ്ത്രീത്വത്തെ അപമാനിച്ചുവെന്നും വർഗീയവാദിയായി ചിത്രീകരിച്ചുവെന്നും കാണിച്ച് ടിനി ടോമിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേണമെന്നാണ് നടിയുടെ ആവശ്യം. ഈ വിഷയത്തിൽ പോലീസ് നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് അൻസിബ കോടതിയെ അഭയം പ്രാപിക്കുന്നത്.

താൻ എതിരില്ലാതെ 'അമ്മ'യുടെ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടത് മുതൽ ടിനി ടോം തനിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് അൻസിബ നേരത്തെ റിപ്പോർട്ടർ ടിവിയോട് വെളിപ്പെടുത്തിയിരുന്നു. തനിക്കെതിരെ മോശം കഥകൾ പ്രചരിപ്പിച്ചതായും, ടിനി ടോമിന്റെ ഡ്രൈവറെ ഇസ്ലാമിലേക്ക് മതപരിവർത്തനം നടത്താൻ ശ്രമിച്ചുവെന്ന് വരെ ആരോപിച്ചതായും അൻസിബ വ്യക്തമാക്കി. ഇത്രയും തരംതാണ ആരോപണങ്ങൾ ഉന്നയിക്കുന്ന ഒരാൾക്കൊപ്പം ഒന്നിച്ച് ജോലി ചെയ്യാൻ അറപ്പ് തോന്നുന്നുവെന്നും നടി തുറന്നടിച്ചിരുന്നു. കോടതി നടപടികളിലേക്ക് കൂടി അൻസിബ നീങ്ങുന്നതോടെ വരും ദിവസങ്ങളിൽ സിനിമാ ലോകത്ത് ഈ തർക്കം കൂടുതൽ ചർച്ചയാകും.

What's Your Reaction?

like

dislike

love

funny

angry

sad

wow