പാലത്തായി പീഡനക്കേസ്: ബി.ജെ.പി നേതാവ് കെ. പത്മരാജന് ജീവപര്യന്തം തടവ്
കേസിൽ പ്രതി കുറ്റക്കാരനാണെന്ന് ജഡ്ജി എം.ടി. ജലജ റാണി കണ്ടെത്തിയിരുന്നു
കണ്ണൂർ: ഏറെ കോളിളക്കം സൃഷ്ടിച്ച പാനൂർ പാലത്തായി ലൈംഗിക പീഡനക്കേസിൽ ബി.ജെ.പി നേതാവ് കെ. പത്മരാജന് തലശ്ശേരി അതിവേഗ പോക്‌സോ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് ജഡ്ജി എം.ടി. ജലജ റാണി കണ്ടെത്തിയിരുന്നു.
ബി.ജെ.പി തൃപ്രങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ. പത്മരാജനാണ് കേസിലെ പ്രതി. നാലാം ക്ലാസുകാരിയായ 10 വയസുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് കേസ്. 2020 ജനുവരി, ഫെബ്രുവരി മാസങ്ങളിലായി മൂന്ന് തവണ പത്മരാജൻ കുട്ടിയെ സ്കൂളിലെ ശുചിമുറിയിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.
പത്തുവയസുകാരി പീഡനത്തിനിരയായ വിവരം ആദ്യം ലഭിച്ചത് ചൈൽഡ് ലൈനിനായിരുന്നു. കുട്ടിയുടെ ഉമ്മയുടെ പരാതിയിൽ 2020 മാർച്ച് 17-ന് പാനൂർ പോലീസ് കേസെടുത്തു. പൊയിലൂർ വിളക്കോട്ടൂരിലെ ഒളിയിടത്തിൽനിന്ന് ഏപ്രിൽ 15-ന് പ്രതിയെ അറസ്റ്റ് ചെയ്തു.
നാലാം ക്ലാസുകാരിയുടെ മൊഴികളിലെ വൈരുധ്യങ്ങൾ ചൂണ്ടിക്കാട്ടി ബിജെപി നേതാവിനെതിരെയുള്ള കേസ് ദുർബലപ്പെടുത്താൻ ഐ.ജി. ശ്രീജിത്ത് അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചത് വലിയ വിവാദമായിരുന്നു. എന്നാൽ, പ്രത്യേക അന്വേഷണ സംഘം പോക്‌സോ (POCSO) വകുപ്പുകൾ ചുമത്തിയത് കേസിൽ നിർണായകമായി.
ക്രൈംബ്രാഞ്ച് അന്വേഷണം: കുട്ടിയുടെ ഉമ്മയുടെ ആവശ്യപ്രകാരം 2020 ഏപ്രിൽ 24-ന് സംസ്ഥാന പോലീസ് മേധാവി കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 75, 82 വകുപ്പുകൾ ചുമത്തി ക്രൈംബ്രാഞ്ച് ഡിറ്റക്റ്റീവ് ഇൻസ്‌പെക്ടർ മധുസൂദനൻ നായർ ഇടക്കാല കുറ്റപത്രം സമർപ്പിച്ചു.
ഹൈക്കോടതി ഇടപെടൽ: പ്രതിക്ക് കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് കുട്ടിയുടെ ഉമ്മ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം തെറ്റായ ദിശയിലാണെന്ന് പ്രോസിക്യൂഷനടക്കം ഹൈക്കോടതിയെ അറിയിച്ചതിനെ തുടർന്ന് കേസ് പുതിയ സംഘത്തിന് കൈമാറാൻ നിർദ്ദേശിച്ചു.
അന്തിമ കുറ്റപത്രം: കോസ്റ്റൽ എഡിജിപി ഇ.ജെ. ജയരാജൻ, ഡിവൈഎസ്പി രത്‌നകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘം കേസ് ഏറ്റെടുത്തു. ഈ സംഘമാണ് 2021 മെയ് മാസം പോക്‌സോ വകുപ്പുകൾ ചുമത്തി അന്തിമ കുറ്റപത്രം സമർപ്പിച്ചത്.
What's Your Reaction?