പാലക്കാട് കലുങ്ക് സംവാദത്തിനിടെ വിവാദ പരാമർശങ്ങളുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി
മുന്‍പ് ശമ്പളത്തെക്കുറിച്ച് നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു

പാലക്കാട്: പാലക്കാട് നടന്ന 'കലുങ്ക് സംവാദം' പരിപാടിക്കിടെ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നടത്തിയ പ്രസ്താവനകൾ വിവാദമായി. 'നപുംസകം' എന്ന പദപ്രയോഗം ഉപയോഗിച്ചതിനൊപ്പം, തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കിറ്റുമായി വരുന്നവരുടെ മുഖത്തേക്ക് അത് എറിയണമെന്നും അദ്ദേഹം പറഞ്ഞു.
പാലക്കാട് ചെത്തല്ലൂരിൽ വെച്ചായിരുന്നു മന്ത്രിയുടെ പ്രതികരണം. "പാലക്കാട് കേരളത്തിന്റെ അന്ന പാത്രമാണ്. ഇനി കഞ്ഞി പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാത്ത ചില നപുംസകങ്ങൾക്ക് അന്ന പാത്രം എന്ന് പറഞ്ഞത് ഇഷ്ടപ്പെടാതെ വരുമോയെന്ന് അറിയില്ല," എന്നായിരുന്നു അദ്ദേഹത്തിൻ്റെ വിവാദ പരാമർശം.
മുന്‍പ് ശമ്പളത്തെക്കുറിച്ച് നടത്തിയ പരാമർശം വലിയ വിവാദമായിരുന്നു. അതിനെ സൂചിപ്പിച്ചുകൊണ്ടാണ് മന്ത്രി വീണ്ടും സംസാരിച്ചത്. കൂടാതെ, "തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കിറ്റുമായി വരുന്നവരുടെ മുഖത്തേക്ക് അത് എറിയണം," എന്നും അദ്ദേഹം പ്രസംഗത്തിനിടെ ആഹ്വാനം ചെയ്തു. കേന്ദ്രമന്ത്രിയുടെ ഈ പ്രസ്താവനകൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശ്രദ്ധ നേടുകയാണ്.
What's Your Reaction?






