നിപയുടെ ഉറവിടത്തിൽ അവ്യക്തത; വവ്വാൽ സാമ്പിളുകളും നെഗറ്റീവ്, രോഗി വെന്റിലേറ്ററിൽ
കോഴിക്കോട്: നിപ രോഗത്തിന്റെ ഉറവിടം സംബന്ധിച്ച അവ്യക്തത തുടരുന്നു. മൃഗസംരക്ഷണ വകുപ്പ് ശേഖരിച്ച വവ്വാലുകളുടെ സാമ്പിളുകളിലും രാമനാട്ടുകര പ്രദേശത്ത് നിന്ന് ശേഖരിച്ച വവ്വാലുകളുടെ കാഷ്ഠ സാമ്പിളുകളിലും നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായില്ല. ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസിലാണ് പരിശോധന നടത്തിയത്.
നിപ ബാധിതന്റെ വീടിന് അഞ്ച് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ നിന്നാണ് വവ്വാലുകളെ പിടികൂടി സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചത്.
അതേസമയം, നിപ ബാധിതനായ രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെന്റിലേറ്റർ സഹായത്തോടെ ചികിത്സ തുടരുകയാണ്. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരിൽ നിരീക്ഷണത്തിനായി പുതുതായി ആരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല.
രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ഇതുവരെ പരിശോധിച്ച 15 പേരുടെയും സാമ്പിളുകൾ നെഗറ്റീവാണ്. രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിലും പുതിയതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല.
നിലവിൽ 104 പേരാണ് സമ്പർക്കപ്പട്ടികയിലുള്ളത്. ഇതിൽ നാല് പേർ അതീവ ഉയർന്ന റിസ്ക് വിഭാഗത്തിലും 14 പേർ ഉയർന്ന റിസ്ക് വിഭാഗത്തിലും 86 പേർ കുറഞ്ഞ റിസ്ക് വിഭാഗത്തിലുമാണെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
What's Your Reaction?



