18 വര്‍ഷം മുന്‍പ് ഒന്നര വയസുകാരനൊപ്പം കോഴിക്കോട്ടെത്തി; ഒടുവില്‍ ബിഹാറില്‍നിന്ന് മക്കാനിയെ തേടി സഹോദരങ്ങളെത്തി  

2007ലാണ് കൈക്കുഞ്ഞുമായി അലഞ്ഞുനടന്ന യുവതിയെ ടൗണ്‍ പോലീസ് ഇടപെട്ട് കോഴിക്കോട് കുതിരവട്ടത്തെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്

Sep 25, 2025 - 13:27
Sep 25, 2025 - 13:27
 0
18 വര്‍ഷം മുന്‍പ് ഒന്നര വയസുകാരനൊപ്പം കോഴിക്കോട്ടെത്തി; ഒടുവില്‍ ബിഹാറില്‍നിന്ന് മക്കാനിയെ തേടി സഹോദരങ്ങളെത്തി  

18 വര്‍ഷം മുന്‍പ് മനോനില തെറ്റി ഒന്നര വയസുകാരനായ മകനൊപ്പം കോഴിക്കോട് വന്നിറങ്ങിയ ബിഹാര്‍ സ്വദേശിനിയായ മക്കാനി എന്ന ലീലാവതി (55) ഒടുവില്‍ സഹോദരങ്ങള്‍ക്കൊപ്പം നാട്ടിലേക്ക്. മാനസികനില വീണ്ടെടുത്ത ശേഷം കോഴിക്കോട് മായനാട് ഗവ. ആശാ ഭവനില്‍ കഴിഞ്ഞ മക്കാനിയെ തേടി സഹോദരങ്ങളായ രാംസുന്ദര്‍, സിമുറ എന്നിവരെത്തിയതോടെയാണ് നാടിന്റെ തണലിലേക്ക് പുറപ്പെട്ടത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ റിട്ട. ഓഫീസറും സാമൂഹിക പ്രവര്‍ത്തകനുമായ എം. ശിവന്റെ ഇടപെടലാണ് മക്കാനിയെ ബന്ധുക്കളിലേക്കെത്തിച്ചത്. നിലമ്പൂരില്‍ ജോലി ചെയ്യുന്ന മകന്‍ ആനന്ദിനെ കണ്ടശേഷമാണ് ഇവര്‍ നാട്ടിലേക്ക് തിരിച്ചത്. 

2007ലാണ് കൈക്കുഞ്ഞുമായി അലഞ്ഞുനടന്ന യുവതിയെ ടൗണ്‍ പോലീസ് ഇടപെട്ട് കോഴിക്കോട് കുതിരവട്ടത്തെ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. കുട്ടിയെ കോഴിക്കോട്ടെ കുട്ടികളുടെ ഹോം ആന്‍ഡ് കെയര്‍ സെന്ററിലേക്കും പിന്നീട് വയനാട് ചില്‍ഡ്രന്‍സ് ഹോമിലേക്കും മാറ്റി. ഇതിനിടെ മാനസികനില വീണ്ടെടുത്ത മക്കാനിയെ ഗവ. ആശാ ഭവനിലെത്തിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് ആശാ ഭവന്‍ സന്ദര്‍ശിച്ച എം ശിവനോട് മക്കാനി ബിഹാര്‍ ഭാബുവ ജില്ലയിലെ കുദ്ര പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് വീടെന്ന് വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് കുദ്ര പൊലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടുകയും അവര്‍ അന്വേഷിച്ച് ബന്ധുക്കളെ കണ്ടെത്തുകയുമായിരുന്നു. നാട്ടില്‍ മാതാവും സഹോദരങ്ങളും ഉണ്ടെന്നും ഭര്‍ത്താവ് മറ്റൊരു വിവാഹം ചെയ്‌തെന്നും പോലീസില്‍നിന്ന് വിവരം ലഭിച്ചു. 

മകന്റെ നമ്പര്‍ തേടിപ്പിടിച്ച് ബന്ധപ്പെട്ടപ്പോള്‍ ആലപ്പുഴയിലെ തുറവൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വാഹന പാര്‍ക്കിങ് അറ്റന്‍ഡറായി ജോലി ചെയ്തുവരുകയാണെന്നറിഞ്ഞു. ഇപ്പോള്‍ മലപ്പുറം നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇതേ ജോലിയിലാണ്. അടുത്തിടെ ജോലിയില്‍ കയറിയതിനാല്‍ ഇപ്പോള്‍ മാതാവിനൊപ്പം ബിഹാറിലേക്ക് പോകുന്നില്ലെന്നും ഏതാനും മാസങ്ങള്‍ക്ക് ശേഷം പുറപ്പെടുമെന്നും അറിയിച്ചു. 

ഇന്ന് (24/9) രാവിലെ ആശാ ഭവനില്‍ എത്തിയ സഹോദരന്മാരെ നിറമിഴികളോടെയാണ് മക്കാനി സ്വീകരിച്ചത്. ആശാഭവന്‍ ജീവനക്കാരോടും അന്തേവാസികളോടും സാമൂഹിക പ്രവര്‍ത്തകന്‍ ശിവനോടുമെല്ലാം കൈകൂപ്പി നന്ദി പറഞ്ഞാണ് മക്കാനിയും സഹോദരങ്ങളും യാത്രതിരിച്ചത്.

What's Your Reaction?

like

dislike

love

funny

angry

sad

wow