ഫിഫ ലോകകപ്പ് പൊതുപ്രദര്‍ശനം: സൗജന്യ ബിഗ്‌സ്‌ക്രീന്‍ പ്രദര്‍ശനത്തിന് തടസമില്ലെന്ന് മന്ത്രി; രജിസ്‌ട്രേഷന്‍ മാത്രം മതിയെന്ന് വിശദീകരണം
തിരുവനന്തപുരം: ഫിഫ ഫുട്‌ബോള്‍ മത്സരങ്ങള്‍ പൊതുജനങ്ങള്‍ക്ക് സൗജന്യമായി ബിഗ്‌സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്കില്ലെന്ന് കായിക മന്ത്രി ഒ. ജെ. ജനീഷ് വ്യക്തമാക്കി. ടിക്കറ്റ് ഈടാക്കി നടത്തുന്ന പ്രദര്‍ശനങ്ങള്‍ക്കാണ് നിയന്ത്രണങ്ങള്‍ ബാധകമാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹിക മാധ്യമങ്ങളില്‍ ഉയര്‍ന്ന ആശങ്കകള്‍ക്ക് മറുപടിയായാണ് മന്ത്രിയുടെ വിശദീകരണം. ഈ വിഷയത്തില്‍ സീ എന്റര്‍ടൈന്‍മെന്റ്, സീ5, ഈഗിള്‍സ് ക്ലബ് എന്നിവ അനുകൂല നിലപാട് സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. പൊതുപ്രദര്‍ശനം സംഘടിപ്പിക്കുന്നവര്‍ ഈഗിള്‍സ് ക്ലബിന്റെ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദേശമുണ്ട്.
ഫുട്‌ബോള്‍ ആരാധകര്‍ ആഗ്രഹിച്ചതുപോലെ കാര്യങ്ങള്‍ മുന്നോട്ടുപോകുമെന്നും കേരളത്തില്‍ മാത്രമാണ് ഇത്തരമൊരു അവസരം ലഭ്യമാക്കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ലോകകപ്പ് പൊതുപ്രദര്‍ശനത്തിന് മുന്‍കൂര്‍ അനുമതിയും ലൈസന്‍സും നിര്‍ബന്ധമാക്കിയതിനെതിരെ നേരത്തെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. വന്‍കിട കമ്പനികളുടെ ഫാന്‍ പാര്‍ക്കുകളിലേക്ക് ആളുകളെ ആകര്‍ഷിക്കാനുള്ള നീക്കമാണിതെന്നാണ് ആരാധകര്‍ വിമര്‍ശിച്ചത്.
പൊതു ഇടങ്ങളില്‍ ലോകകപ്പ് മത്സരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഫിഫ ലൈസന്‍സ് വേണമെന്നും അതിന് വലിയ ഫീസ് അടയ്ക്കണമെന്നും നിര്‍ദേശിച്ചിരുന്നു. ഫീസ് അടയ്ക്കാത്തവര്‍ക്കെതിരെ ആന്റി-പൈറസി നിയമപ്രകാരം നടപടിയെടുക്കുമെന്നും മുന്നറിയിപ്പ് നല്‍കിയിരുന്നു.
2026 മുതല്‍ ഇന്ത്യയിലെ ഫിഫ മത്സരങ്ങളുടെ ഔദ്യോഗിക സംപ്രേഷണ പങ്കാളി സീ എന്റര്‍ടൈന്‍മെന്റ് എന്റര്‍പ്രൈസസാണ്. കേരളത്തിലും മാഹിയിലും ഔദ്യോഗിക പബ്ലിക് വ്യൂയിംഗ് പരിപാടികള്‍ ഏകോപിപ്പിക്കുന്നതും ലൈസന്‍സിങ് സൗകര്യം ഒരുക്കുന്നതും ഷാഫി മേത്തറിന്റെ ഉടമസ്ഥതയിലുള്ള ഈഗിള്‍സ് എഫ്‌സി കേരളമാണ്. ഈ കമ്പനികളുടെ മുന്‍നിലപാട് ഫുട്‌ബോള്‍ ആരാധകരെ നിരാശരാക്കിയിരുന്നു.
What's Your Reaction?



