സംസ്ഥാനത്ത് ശസ്ത്രക്രിയകൾക്ക് പുതിയ മാർഗരേഖ; രോഗികൾക്ക് വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് നിർബന്ധം

ചെറുതും വലുതുമായ എല്ലാത്തരം ശസ്ത്രക്രിയകൾക്കും ഈ പുതിയ ചട്ടങ്ങൾ ബാധകമായിരിക്കും

Apr 20, 2026 - 12:25
Apr 20, 2026 - 12:26
 0
സംസ്ഥാനത്ത് ശസ്ത്രക്രിയകൾക്ക് പുതിയ മാർഗരേഖ; രോഗികൾക്ക് വിവരങ്ങൾ അടങ്ങിയ റിസ്റ്റ് ബാൻഡ് നിർബന്ധം

തിരുവനന്തപുരം: സംസ്ഥാനത്തെ ആശുപത്രികളിൽ ശസ്ത്രക്രിയകൾ സുരക്ഷിതമായി പൂർത്തിയാക്കുന്നതിനായി ആരോഗ്യവകുപ്പ് പുതിയ മാർഗരേഖ പുറപ്പെടുവിച്ചു. ശസ്ത്രക്രിയയ്ക്കിടെ ഉണ്ടാകാനിടയുള്ള പിഴവുകൾ ഒഴിവാക്കാനും രോഗികളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് കർശന നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.

ചെറുതും വലുതുമായ എല്ലാത്തരം ശസ്ത്രക്രിയകൾക്കും ഈ പുതിയ ചട്ടങ്ങൾ ബാധകമായിരിക്കും. ആശുപത്രി ജീവനക്കാർ പാലിക്കേണ്ട പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്: ശസ്ത്രക്രിയ നടത്തേണ്ട ശരീരഭാഗം മുൻകൂട്ടി കൃത്യമായി അടയാളപ്പെടുത്തണം. ഇത് തെറ്റായ ശസ്ത്രക്രിയകൾ ഒഴിവാക്കാൻ സഹായിക്കും.

രോഗിയുടെ പേരും ശസ്ത്രക്രിയ സംബന്ധിച്ച വിവരങ്ങളും അടങ്ങിയ റിസ്റ്റ് ബാൻഡ് നിർബന്ധമായും ധരിപ്പിച്ചിരിക്കണം. ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല.

ശസ്ത്രക്രിയയ്ക്ക് മുൻപ് ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ പേരും എണ്ണവും തിയേറ്ററിലെ വൈറ്റ് ബോർഡിൽ രേഖപ്പെടുത്തണം. ശസ്ത്രക്രിയയ്ക്ക് ശേഷം ഇവയുടെ എണ്ണം വീണ്ടും പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം ചെക്ക്‌ലിസ്റ്റ് മേധാവിക്ക് കൈമാറണം. ശസ്ത്രക്രിയയ്ക്ക് മുൻപായി ഡോക്ടറും നഴ്‌സും രോഗിയുടെ ഐപി നമ്പർ, കേസ് റെക്കോർഡ് എന്നിവ പൂർത്തിയാക്കിയിരിക്കണം.

വാർഡ് ഡോക്ടറും നഴ്‌സ് ഇൻ ചാർജും 'പ്രീ ഓപ്പറേറ്റീവ് ചെക്ക് ലിസ്റ്റ്' പൂരിപ്പിച്ച് ഒപ്പിടണം. തിയേറ്റർ ചുമതലയുള്ള നഴ്‌സിങ്ങ് ഓഫീസർ ഈ രേഖകൾ വായിച്ച് ബോധ്യപ്പെട്ട് ഒപ്പിട്ടതിന് ശേഷം മാത്രമേ രോഗിയെ ഓപ്പറേഷൻ തിയേറ്ററിനുള്ളിലേക്ക് പ്രവേശിപ്പിക്കാൻ പാടുള്ളൂ.

What's Your Reaction?

like

dislike

love

funny

angry

sad

wow