തൃണമൂൽ കോൺഗ്രസ് വിട്ട് പി.വി. അൻവർ; ദേശീയ നേതൃത്വം പിന്തുണച്ചില്ലെന്ന് പരാതി; മേയ് 15നകം പുതിയ പാർട്ടി രൂപീകരിക്കും
യുഡിഎഫുമായുള്ള സഹകരണം തൃണമൂൽ ദേശീയ നേതൃത്വം അംഗീകരിക്കാത്തതാണ് പാർട്ടി വിടാൻ പ്രധാന കാരണമെന്ന് അൻവർ വ്യക്തമാക്കി
കൊച്ചി: പി.വി. അൻവർ തൃണമൂൽ കോൺഗ്രസ് വിട്ടു. പാർട്ടിയുടെ സംസ്ഥാന കൺവീനർ സ്ഥാനം രാജിവെച്ചതായും ദേശീയ നേതൃത്വവുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതായും കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു. കോഴിക്കോട് ബേപ്പൂർ മണ്ഡലത്തിൽ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ചതിന് പിന്നാലെയാണ് ഈ നാടകീയ നീക്കം.
യുഡിഎഫുമായുള്ള സഹകരണം തൃണമൂൽ ദേശീയ നേതൃത്വം അംഗീകരിക്കാത്തതാണ് പാർട്ടി വിടാൻ പ്രധാന കാരണമെന്ന് അൻവർ വ്യക്തമാക്കി. വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങളെക്കുറിച്ച് അദ്ദേഹം പറഞ്ഞ പ്രധാന കാര്യങ്ങൾ താഴെ നൽകുന്നു. ബേപ്പൂരിലെ മത്സരത്തിലടക്കം പാർട്ടിയിൽ നിന്ന് യാതൊരു പിന്തുണയും ലഭിച്ചില്ല. കോൺഗ്രസ് നേതാക്കൾക്കൊപ്പം വേദി പങ്കിടാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു ടിഎംസി നേതാക്കൾ.
കോൺഗ്രസുമായി സഹകരിക്കുന്നത് പശ്ചിമ ബംഗാളിലെ തങ്ങളുടെ രാഷ്ട്രീയത്തെ ബാധിക്കുമെന്നാണ് ടിഎംസി നേതൃത്വം അറിയിച്ചത്. എന്നാൽ കേരളത്തിലെയും ദേശീയ തലത്തിലെയും പ്രത്യേക സാഹചര്യം അവർ പരിഗണിച്ചില്ലെന്ന് അൻവർ കുറ്റപ്പെടുത്തി.
തൃണമൂൽ കോൺഗ്രസുമായി ഇനി യാതൊരു ബന്ധവുമില്ല. മേയ് 15-നകം പുതിയ സംസ്ഥാന പാർട്ടിക്ക് രൂപം നൽകും. യുഡിഎഫിനൊപ്പം തന്നെ നിൽക്കുമെന്നും രാഹുൽ ഗാന്ധിക്കൊപ്പം ചേർന്ന് പ്രവർത്തിക്കുമെന്നും അൻവർ പ്രഖ്യാപിച്ചു. ബേപ്പൂരിൽ തനിക്ക് ടിഎംസി ചിഹ്നം ലഭിക്കാത്തത് യുഡിഎഫുമായി സഹകരിച്ചത് കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് ജെഡിടിയിലെ സ്ട്രോങ്ങ് റൂം തുറന്നത് ദുരൂഹമാണെന്നും തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുണ്ടെന്നും അൻവർ ആരോപിച്ചു. വോട്ടെണ്ണലിന് മുൻപുള്ള ഈ നടപടികളിൽ വലിയ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
What's Your Reaction?