ആഗ്രയില്‍ മുസ്ലിം യുവാവിനെ ഹിന്ദുത്വര്‍ വെടിവച്ചു കൊന്നു
പഹല്‍ഗാം ആക്രമണത്തിന് പ്രതികാരമെന്ന് ക്ഷത്രിയ ഗോരക്ഷ ദള്‍

ലഖ്നൗ: ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ മുസ്ലിം യുവാവിനെ ഹിന്ദുത്വര്‍ വെടിവച്ചു കൊന്നു. ശില്‍പ്പ്ഗ്രാം റോഡിലെ ഒരു റസ്റ്ററന്റിലെ ജീവനക്കാരനായ ഗുല്‍ഫാമി(27)നെയാണ് മൂന്നംഗ ഹിന്ദുത്വ സംഘം വെടിവച്ചു കൊന്നത്. സെയ്ഫ് അലി എന്ന യുവാവിന് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച്ച രാത്രിയാണ് സംഭവം. രാത്രി 12 മണിയോടെ സുഹൃത്തുക്കളുമായി റസ്റ്ററന്റിന് മുന്നില്‍ നില്‍ക്കുന്ന ഗുല്‍ഫാം അടക്കമുള്ളവരെ സ്‌കൂട്ടറില്‍ എത്തിയ സംഘം ആക്രമിക്കുകയായിരുന്നു. പേരു ചോദിച്ച് മുസ്‌ലിം ആണെന്ന ഉറപ്പുവരുത്തിയായിരുന്നു ആക്രമണമെന്ന് റിപോര്‍ട്ടുകള്‍ പറയുന്നു. വെടിയൊച്ച കേട്ട് ഓടിയെത്തിയവരെ തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയാണ് അക്രമി സംഘം രക്ഷപ്പെട്ടത്.
ഇതിന് ശേഷം ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ക്ഷത്രിയ ഗോരക്ഷാ ദള്‍ നേതാവായ മനോജ് ചൗധരി ഒരു വീഡിയോ പങ്കുവച്ചു. പഹല്‍ഗാം ആക്രമണത്തിന് പ്രതികാരമായി രണ്ടു മുസ്ലിങ്ങളെ കൊന്നെന്ന് ഇയാള്‍ പറഞ്ഞു. 26 പേര്‍ക്ക് പകരം 2600 പേരെ കൊല്ലുമെന്നും ഇയാള്‍ പ്രഖ്യാപിച്ചു.
ജയ്ശ്രീറാം, ഭാരത് മാതാ കീ ജയ് മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് ഇയാള്‍ തന്റെ പ്രഖ്യാപനം അവസാനിപ്പിക്കുന്നത്. അതേസമയം പഹൽഗാം ആക്രമണവുമായുള്ള ബന്ധമാണ് കൊലപാതകത്തിന്റെ കാരണമെന്ന് പൊലീസ് നിഷേധിച്ചു. പ്രസ്തുത സംഘടന ക്ഷത്രിയ ഗോ രക്ഷാ ദൾ ആഗ്രയിൽ സജീവമല്ലെന്നാണ് പൊലീസിന്റെവാദം. ഗുൽഫാമിനെയും സെയ്ഫിനെയും വെടിവയ്ക്കുന്നതിന് മുമ്പ് അക്രമികൾ അവരുടെ പേരും മതവും ചോദിച്ചിരുന്നുവെന്ന റിപ്പോർട്ടുകളും പൊലീസ് നിഷേധിച്ചു.
സംഭവത്തെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കം പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.
What's Your Reaction?






