ഇന്ത്യയ്‌ക്കെതിരെ വീണ്ടും മുംബൈ മോഡൽ ആക്രമണ ഭീഷണി; ലഷ്കറെ തൊയ്ബയുടെ വീഡിയോ പുറത്ത്
2025-ൽ പാകിസ്ഥാൻ ആകാശത്ത് ആധിപത്യം സ്ഥാപിച്ചെന്നും 2026-ൽ കടലിൽ ആധിപത്യം ഉറപ്പിക്കുമെന്നും കസൂരി അവകാശപ്പെട്ടു
ന്യൂഡൽഹി: 2008-ലെ മുംബൈ ഭീകരാക്രമണത്തിന് സമാനമായ രീതിയിൽ കടൽ മാർഗ്ഗം ഇന്ത്യയെ വീണ്ടും ആക്രമിക്കുമെന്ന് പാക് ഭീകര സംഘടനയായ ലഷ്കറെ തൊയ്ബയുടെ ഭീഷണി. ലഷ്കർ ഡെപ്യൂട്ടി ചീഫും പഹൽഗാം ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ സെയ്ഫുള്ള കസൂരിയാണ് ഭീഷണി വീഡിയോ പുറത്തുവിട്ടത്.
2025-ൽ പാകിസ്ഥാൻ ആകാശത്ത് ആധിപത്യം സ്ഥാപിച്ചെന്നും 2026-ൽ കടലിൽ ആധിപത്യം ഉറപ്പിക്കുമെന്നും കസൂരി അവകാശപ്പെട്ടു. ശത്രുക്കൾക്ക് ഒരിടത്തും സുരക്ഷിതമായ ഇടമുണ്ടാകില്ലെന്നാണ് വീഡിയോയിലെ മുന്നറിയിപ്പ്. തങ്ങൾക്ക് പാക് സൈന്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടെന്ന് കസൂരി വീഡിയോയിൽ തുറന്നു സമ്മതിക്കുന്നുണ്ട്. ഇത് ഭീകരവാദത്തിന് പാകിസ്ഥാൻ നൽകുന്ന ഒത്താശയെക്കുറിച്ചുള്ള ഇന്ത്യയുടെ ആരോപണങ്ങൾ ശരിവെക്കുന്നതാണ്.
മുരിദ്‌കെ, ബഹാവൽപുർ എന്നിവിടങ്ങളിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ നടത്തിയ ശക്തമായ തിരിച്ചടിയിൽ കസൂരി പ്രകോപിതനാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കശ്മീരിലെ ഇന്ത്യയുടെ നടപടികൾക്ക് ബലൂചിസ്ഥാനിലടക്കം പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും ഇയാൾ ഭീഷണിപ്പെടുത്തുന്നു.
ലഷ്കർ നേതാവിന്റെ ഭീഷണി വീഡിയോയെ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ അതീവ ഗൗരവത്തോടെയാണ് കാണുന്നത്. മുംബൈ ആക്രമണത്തിന് ഉപയോഗിച്ച അതേ കടൽ പാതകൾ വീണ്ടും ഉപയോഗിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെത്തുടർന്ന് തീരദേശ സുരക്ഷ വർദ്ധിപ്പിച്ചു. ഇത് വെറും പ്രചാരണമോ അതോ കൃത്യമായ പ്ലാനിംഗാണോ എന്ന് ഏജൻസികൾ പരിശോധിച്ച് വരികയാണ്.
What's Your Reaction?