ദുബായ്: അണ്ടർ 19 ഏഷ‍്യകപ്പ് ഫൈനൽ മത്സരത്തിനിടെ ഇന്ത‍്യൻ താരങ്ങൾ പ്രകോപിപ്പിച്ചെന്ന് ആരോപിച്ച് പിസിബി ചെയർമാൻ മൊഹ്സിൻ നഖ്‌വി. ഇക്കാര്യത്തിൽ ഐസിസിയെ സമീപിക്കാനൊരുങ്ങുകയാണ് മൊഹ്സിൻ നഖ്‌വി.
അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ പാകിസ്ഥാന്‍ താരങ്ങളോട് മോശമായി പെരുമാറിയ ഇന്ത്യൻ താരങ്ങള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് നഖ്‌വി ഐസിസിയെ സമീപിക്കുന്നത്. അണ്ടർ 19 ഏഷ്യാ കപ്പ് ഫൈനലിനിടെ ഇന്ത്യൻ താരങ്ങൾ മോശമായി പെരുമാറിയെന്ന് ആരോപിച്ച് നിലവിലെ പാകിസ്ഥാൻ അണ്ടർ 19 ടീം മെന്ററും മുൻ ക്യാപ്റ്റനുമായ സർഫറാസ് അഹമ്മദ് രംഗത്തെത്തിയിരുന്നു.
ഇതിന് പിന്നാലെ മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇന്ത്യൻ താരങ്ങളുടെ മോശം പെരുമാറ്റത്തിനെതിരെ ഐസിസിയെ സമീപിക്കുമെന്ന് നഖ്‌വി മാധ്യമങ്ങളോട് പറഞ്ഞത്. രാഷ്ട്രീയത്തെയും കളിയെയും രണ്ടായി കാണണമെന്നും നഖ്‌വി കൂട്ടിച്ചേർത്തു. അണ്ടർ 19 ഏഷ്യാ കപ്പ് ജേതാക്കളായ പാകിസ്ഥാൻ ടീമിന് നൽകിയ സ്വീകരണ ചടങ്ങിനിടെയാണ് നഖ്‌വിയുടെ പ്രതികരണം.