കാലിഫോര്‍ണിയ: ലോകമെമ്പാടുമുള്ള ടെക് കമ്പനികൾ ജീവനക്കാരെ പിരിച്ചുവിടുന്നത് തുടർകഥയാവുകയാണ്. വൻതുക ചിലവാക്കി ജോലിക്കെടുത്ത ജീവനക്കാരെയാണ് അധിക ദിവസം ആകുന്നതിനു മുന്നേ പിരിച്ചുവിടുന്നത്.
ഇപ്പോഴിതാ ടെക് കമ്പനിയായ മെറ്റ വീണ്ടും കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങുകയാണ്. മെറ്റ സൂപ്പർ ഇന്‍റലിജൻസ് ലാബ്‍സിൽ ഏകദേശം 600 തസ്‍തികകൾ വെട്ടിക്കുറയ്ക്കുന്നുവെന്നാണ് പുറത്തുവരുന്ന വാർത്ത. മാസങ്ങൾക്ക് മുൻപ് വൻ തുക മുടക്കി എഐ വിഭാഗത്തിലേക്ക് നിയമിച്ച 600 ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്.
സ്കെയിൽ എഐയിലെ മെറ്റയുടെ 14.3 ബില്യൺ ഡോളർ നിക്ഷേപത്തിന്‍റെ ഭാഗമായി ജൂണിൽ നിയമിതനായ ചീഫ് എഐ ഓഫീസർ അലക്‌സാണ്ടർ വാങ് അയച്ച മെമ്മോയിലാണ് കമ്പനി വെട്ടിച്ചുരുക്കല്‍ പ്രഖ്യാപിച്ചത്. കാര്യക്ഷമത വർധിപ്പിക്കുക, ഉദ്യോഗസ്ഥവൃന്ദത്തെ കുറയ്ക്കുക എന്ന ഉദ്ദേശത്തോട് കൂടിയാണ് ജീവനക്കാരെ പിരിച്ചുവിടുന്നത് എന്നാണ് മെറ്റ ചീഫ് എഐ ഓഫീസർ അലക്സാൻഡർ വാങ് പറഞ്ഞത്. ഒക്ടോബർ 22നാണ് മെറ്റ ജീവനക്കാർക്ക് പിരിച്ചുവിടലിനെ സംബന്ധിച്ച് മെമോ ലഭിച്ചത്.