വെടിമരുന്ന് ശാലയിൽ ഉഗ്ര സ്ഫോടനം; 17 പേർക്ക് ദാരുണാന്ത്യം

Mar 1, 2026 - 18:02
Mar 1, 2026 - 18:02
 0
വെടിമരുന്ന് ശാലയിൽ ഉഗ്ര സ്ഫോടനം; 17 പേർക്ക് ദാരുണാന്ത്യം

നാഗ്പുർ: മഹാരാഷ്ട്രയിൽ വെടിമരുന്ന് നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 17 പേർക്ക് ദാരുണാന്ത്യം. അപകടത്തിൽ 18 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. നാഗ്‌പൂർ നഗരത്തിൽനിന്ന്  25 കിലോമീറ്റർ അകലെയുള്ള കൽമേശ്വർ തെഹ്‌സിലിലെ റൗൾഗാവ് ഗ്രാമത്തിലാണ് സംഭവം.

ഞായറാഴ്ച രാവിലെ 6:45 ഓടെയാണ് വെടിമരുന്ന് നിർമാണശാലയിൽ സ്ഫോടനമുണ്ടായത്. സ്ഫോടന സമയത്ത്, രാവിലെ ആറുമണിയുടെ ഷിഫ്റ്റിൽ 35 തൊഴിലാളികൾ ജോലിയിലുണ്ടായിരുന്നെന്നാണ് വിവരം. സ്ഫോടനത്തെത്തുടർന്ന് പ്ലാന്റിൽ വൻ തീപ്പിടിത്തമുണ്ടായി. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നാണ് റിപ്പോർട്ട്. ഖനനത്തിനും മറ്റും ആവശ്യമായ സ്ഫോടകവസ്തുക്കളും ഡിറ്റണേറ്ററുകളും നിർമിക്കുന്ന സ്ഥാപനമാണിത്.

സ്ഫോടനത്തിന് പിന്നാലെ ഫയർ ബ്രിഗേഡ് സംഘവും കൽമേശ്വർ പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റവരെ അടിയന്തര ചികിത്സയ്ക്കായി നാഗ്‌പുരിലെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. ഐജി സന്ദീപ് പാട്ടീൽ, ജില്ലാ കളക്ടർ വിപിൻ ഇറ്റങ്കർ, റൂറൽ എസ്പി ഹർഷ് എ പോദ്ദാർ എന്നിവർ സംഭവസ്ഥലം സന്ദർശിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ ശാസ്ത്രീയമായ അന്വേഷണം ആരംഭിച്ചതായി എസ്പി പോദ്ദാർ പറഞ്ഞു.

ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രാദേശിക ഭരണകൂടം ആവശ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow