അമേരിക്കയെ നടുക്കി കൂട്ടക്കുരുതി; എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു; അക്രമിയെ പോലീസ് വെടിവെച്ചുകൊന്നു

ഭാര്യയുമായി ദീർഘകാലമായി വഴക്കിലായിരുന്ന ഷമർ, കുട്ടികളെ വകവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭാര്യയുടെ വീട്ടിലെത്തിയത്

Apr 20, 2026 - 09:54
Apr 20, 2026 - 09:54
 0
അമേരിക്കയെ നടുക്കി കൂട്ടക്കുരുതി; എട്ട് കുട്ടികള്‍ കൊല്ലപ്പെട്ടു; അക്രമിയെ പോലീസ് വെടിവെച്ചുകൊന്നു

വാഷിങ്ടൺ: അമേരിക്കയിലെ ലുയീസിയാന സംസ്ഥാനത്തെ ഷ്രെവെപോർട്ടിൽ നാടിനെ നടുക്കിയ വെടിവെയ്പ്പ്. സ്വന്തം മക്കളടക്കം എട്ട് കുട്ടികളെ വെടിവെച്ചുകൊന്ന ശേഷം അക്രമി പോലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. കുടുംബതർക്കമാണ് ഈ ദാരുണമായ കൂട്ടക്കൊലയ്ക്ക് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു. മുൻ സൈനികനായ ഷമർ എൽക്കിൺസ് (31) ആണ് അതിക്രൂരമായ ഈ കൃത്യം നടത്തിയത്. മൂന്ന് വീടുകളിലായി നടന്ന ആക്രമണത്തിൽ ഒന്നിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ഇരയായത്.

ഭാര്യയുമായി ദീർഘകാലമായി വഴക്കിലായിരുന്ന ഷമർ, കുട്ടികളെ വകവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭാര്യയുടെ വീട്ടിലെത്തിയത്. അവിടെവെച്ച് ഭാര്യയുടെ തലയ്ക്ക് വെടിയുതിർത്ത ശേഷം ഇയാൾ കുട്ടികൾക്കായി തിരച്ചിൽ തുടങ്ങി. ഗുരുതരമായി പരിക്കേറ്റ ഭാര്യ ഇപ്പോൾ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്.

ഷമറിന്റെ ഭീഷണി നിലനിന്നിരുന്നതിനാൽ കുട്ടികളെ നോക്കാൻ മറ്റൊരാളെയാണ് ഏൽപ്പിച്ചിരുന്നത്. എന്നാൽ കുട്ടികൾ കഴിയുന്ന വീട് തേടിപ്പിടിച്ചെത്തിയ അക്രമി അവിടെയുണ്ടായിരുന്നവർക്ക് നേരെ തുരുതുരെ വെടിയുതിർത്തു. ഷമറിന്റെ ഏഴ് മക്കളും കുട്ടികളെ നോക്കാൻ ഏൽപ്പിച്ചിരുന്ന സ്ത്രീയുടെ ഒരു കുട്ടിയുമാണ് കൊല്ലപ്പെട്ടത്.

വെടിയേറ്റ ഒരു കുട്ടി കെട്ടിടത്തിന്റെ ജനാലയിലൂടെ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു. വീഴ്ചയുടെ ആഘാതത്തിൽ രണ്ട് കാലുകളും ഒടിഞ്ഞ ഈ കുട്ടി ചികിത്സയിലാണ്. കുട്ടികളെ നോക്കിയിരുന്ന സ്ത്രീക്കും തലയ്ക്ക് വെടിയേറ്റിട്ടുണ്ട്, ഇവരുടെ നിലയും അതീവ ഗുരുതരമായി തുടരുന്നു.

മുൻ സൈനികനായ ഷമർ എൽക്കിൺസ് മുമ്പും ക്രിമിനൽ പശ്ചാത്തലമുള്ളയാളാണെന്ന് പോലീസ് പറഞ്ഞു. മുൻപ് കുട്ടികൾ പഠിക്കുന്ന സ്കൂളിന് സമീപമെത്തി ഇയാൾ വെടിയുതിർത്തിരുന്നു. അന്ന് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തെങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നു. ഈ വീഴ്ചയാണ് ഇപ്പോൾ വലിയൊരു ദുരന്തത്തിൽ കലാശിച്ചതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

What's Your Reaction?

like

dislike

love

funny

angry

sad

wow