കോഴിക്കോട്: ബേബി മെമ്മോറിയൽ ആശുപത്രിയിൽ വൻ തീപിടിത്തം. നഗരമധ്യത്തിൽ സ്ഥിതി ചെയ്യുന്ന ആശുപത്രിയുടെ ഏറ്റവും മുകളിലെ നിലയിൽനിന്നാണ് തീയും പുകയും ഉയർന്നത്. ആശുപത്രിയിലെ പുതിയ കെട്ടിടമായ സി ബ്ലോക്കിന്‍റെ എ സി പ്ലാന്‍റിലാണ് തീപിടിത്തമുണ്ടായത്. ഇന്ന് രാവിലെ 9.45 ഓടെയാണ് സംഭവം.
രോഗികൾ ഇവിടെ ഉണ്ടായിരുന്നില്ല. രോഗികൾ ഇല്ലാത്ത ഭാഗത്താണ് തീപിടിത്തം ഉണ്ടായതെന്നാണ് വിവരം. അഞ്ച് യൂണിറ്റ് ഫയർ ഫോഴ്സ് ആണ് രക്ഷാപ്രവർത്തനത്തിനായി എത്തിയത്. കെട്ടിടത്തിൽനിന്നുള്ള പുക നഗരത്തിലാകെ വ്യാപിച്ചു.
ഈ ഭാഗത്തേക്ക് രോഗികൾ പോകാറില്ലെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു. കെട്ടിടത്തിൽ എട്ട് നിലയിൽ വരെ മാത്രമാണ് രോഗികളുള്ളത്. ഇവരെ പുറത്തേക്ക് മാറ്റി. തീ കൂടുതൽ സ്ഥലത്തേക്ക് പടർന്നിട്ടില്ലെന്നാണ് വിവരം. നിലവിൽ തീപിടുത്തമുണ്ടായ സ്ഥലത്ത് തന്നെയാണ് പുകച്ചുരുൾ കാണുന്നത്.