കോഴിക്കോട് കോർപ്പറേഷൻ: ഒ. സദാശിവൻ മേയറായേക്കും; എസ്. ജയശ്രീ ഡെപ്യൂട്ടി മേയർ
സി.പി.എം. കോഴിക്കോട് നോർത്ത് ഏരിയ കമ്മിറ്റി അംഗമാണ് സദാശിവൻ
കോഴിക്കോട്: കോഴിക്കോട് കോർപ്പറേഷൻ്റെ പുതിയ മേയറായി തടമ്പാട്ടുതാഴം ഡിവിഷനിൽ നിന്ന് വിജയിച്ച ഒ. സദാശിവനെ നിയോഗിക്കാൻ സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ തീരുമാനമായി. കോട്ടൂളി ഡിവിഷനിൽ നിന്നുള്ള കൗൺസിലറും നിലവിലെ ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷയുമായ ഡോ. എസ്. ജയശ്രീ ഡെപ്യൂട്ടി മേയറാകും.
സി.പി.എം. കോഴിക്കോട് നോർത്ത് ഏരിയ കമ്മിറ്റി അംഗമാണ് സദാശിവൻ. മേയർ സ്ഥാനം സംബന്ധിച്ച തീരുമാനം പാർട്ടി ഇദ്ദേഹത്തെ അറിയിച്ചതായാണ് വിവരം. സദാശിവനും ജയശ്രീക്കും പുറമെ ബേപ്പൂർ പോർട്ട് വാർഡിൽ നിന്നുള്ള പി. രാജീവിന്റെ പേരും സംസ്ഥാന കമ്മിറ്റിയുടെ പരിഗണനയിലുണ്ടായിരുന്നു.
മുൻ ഡെപ്യൂട്ടി മേയറും മേയർ സ്ഥാനാർത്ഥിയുമായിരുന്ന സി.പി. മുസാഫർ അഹമ്മദിന്റെ മീഞ്ചന്ത വാർഡിലെ അപ്രതീക്ഷിത തോൽവിയാണ് പുതിയൊരാളെ കണ്ടെത്താൻ പാർട്ടിയെ പ്രേരിപ്പിച്ചത്. യു.ഡി.എഫ്. സ്ഥാനാർത്ഥി എസ്.കെ. അബൂബക്കറാണ് മുസാഫറിനെ പരാജയപ്പെടുത്തിയത്.
What's Your Reaction?

