കോഴിക്കോട് കോൺഗ്രസിൽ പൊട്ടിത്തെറി; ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവെച്ചു
സീറ്റ് നിഷേധിച്ചതിലും തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ അർഹമായ പരിഗണന നൽകാത്തതിലുമുള്ള അതൃപ്തിയാണ് രാജിക്കു പിന്നിലെന്നാണ് സൂചന
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയിൽ (ഡിസിസി) ഭിന്നത പരസ്യമാകുന്നു. പാർട്ടിക്കുള്ളിലെ അവഗണനയിൽ പ്രതിഷേധിച്ച് ഡിസിസി ജനറൽ സെക്രട്ടറി നിജേഷ് അരവിന്ദ് രാജിവെച്ചു. കെപിസിസി നേതൃത്വത്തിനാണ് അദ്ദേഹം രാജിക്കത്ത് കൈമാറിയത്.
സീറ്റ് നിഷേധിച്ചതിലും തിരഞ്ഞെടുപ്പ് പ്രചാരണ ഘട്ടത്തിൽ അർഹമായ പരിഗണന നൽകാത്തതിലുമുള്ള അതൃപ്തിയാണ് രാജിക്കു പിന്നിലെന്നാണ് സൂചന. എലത്തൂർ മണ്ഡലത്തിലേക്ക് നിജേഷ് അരവിന്ദിന്റെ പേര് സജീവമായി പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം പട്ടികയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
സീറ്റ് നൽകാത്ത സാഹചര്യത്തിൽ ബാലുശ്ശേരി മണ്ഡലത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതല നൽകാമെന്ന് നേതൃത്വം ഉറപ്പുനൽകിയിരുന്നെങ്കിലും അതും പാലിക്കപ്പെട്ടില്ലെന്ന് നിജേഷ് ആരോപിക്കുന്നു. പദവികൾക്കായി ആരുടെയും പിന്നാലെ പോകാനില്ലെന്ന് സ്ഥാനാർത്ഥി പട്ടിക വന്ന സമയത്ത് തന്നെ നിജേഷ് വ്യക്തമാക്കിയിരുന്നു. വ്യക്തിപരമായ തിരിച്ചറിവുകൾ കാരണമാണ് രാജിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നിലവിൽ മറ്റൊരു പാർട്ടിയിലേക്കും പോകാൻ തനിക്ക് പദ്ധതിയൊന്നുമില്ലെന്ന് നിജേഷ് അരവിന്ദ് വ്യക്തമാക്കി. ഔദ്യോഗിക പദവികൾ ഒഴിഞ്ഞെങ്കിലും സാധാരണ കോൺഗ്രസ് പ്രവർത്തകനായി തുടരുമെന്നാണ് അദ്ദേഹം പറയുന്നത്.
What's Your Reaction?