ഡൽഹിയിലെ ദളിത് വിദ്യാർത്ഥികൾക്ക് സൗജന്യ വിദേശ വിദ്യാഭ്യാസത്തിന് അംബേദ്കർ സ്കോളർഷിപ്പ് പ്രഖ്യാപിച്ച് കെജ്രിവാൾ

ന്യൂഡൽഹി: ഡൽഹിയിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ ശനിയാഴ്ച നഗരത്തിലെ ദളിത് വിദ്യാർത്ഥികൾക്ക് സൗജന്യ വിദേശ വിദ്യാഭ്യാസത്തിന് അംബേദ്കർ സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചു.
അംബേദ്കറെ അപമാനിച്ച ബിജെപിക്കുള്ള മറുപടിയാണ് അംബേദ്കർ സമ്മാൻ സ്‌കോളർഷിപ്പെന്ന് കെജ്‌രിവാൾ പറഞ്ഞു.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ "പാർലമെൻ്റിൽ ബാബാസാഹെബ് ഡോ. അംബേദ്കറെ അപമാനിക്കുകയും കളിയാക്കുകയും ചെയ്തു. അംബേദ്കറെ സ്നേഹിക്കുന്ന കോടിക്കണക്കിന് ആളുകൾ അഗാധമായി വേദനിച്ചു," മുൻ ഡൽഹി മുഖ്യമന്ത്രി എ.എ.പി ആസ്ഥാനത്ത് പറഞ്ഞു.
വിദ്യാഭ്യാസമാണ് മുന്നോട്ടുള്ള പോംവഴിയെന്ന് അംബേദ്കർ പറഞ്ഞിരുന്നുവെന്നും എല്ലാ പ്രതിസന്ധികളെയും മറികടന്ന് അദ്ദേഹം യു.എസിൽ നിന്ന് പി.എച്ച്.ഡി നേടിയിട്ടുണ്ടെന്നും കെജ്‌രിവാൾ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
"പദ്ധതി പ്രകാരം, ഡൽഹിയിൽ നിന്നുള്ള ഏതൊരു ദളിത് വിദ്യാർത്ഥിക്കും വിദേശ സർവകലാശാലകളിൽ വിദ്യാഭ്യാസം നേടാനാകും. അവർ അത്തരത്തിലുള്ള ഏതെങ്കിലും സർവ്വകലാശാലയിൽ പ്രവേശനം നേടിയാൽ, അവരുടെ വിദ്യാഭ്യാസം, യാത്ര, താമസം എന്നിവയുടെ മുഴുവൻ ചിലവും ഡൽഹി സർക്കാർ വഹിക്കും," കെജ്‌രിവാൾ കൂട്ടിച്ചേർത്തു.
സർക്കാർ ജീവനക്കാരുടെ കുട്ടികൾക്കും പദ്ധതിയിൽ അർഹതയുണ്ടാകുമെന്ന് കെജ്‌രിവാൾ പറഞ്ഞു എന്നാൽ സ്കോളർഷിപ്പുകൾ എങ്ങനെ, എപ്പോൾ നൽകുമെന്നതിനെ കുറിച്ച് വിശദീകരിച്ചില്ല.
What's Your Reaction?






