'ആ വിഡിയോ നീക്കണം': ഷിംജിതയുടെ വിഡിയോയിൽ മുഖം പതിഞ്ഞ യാത്രക്കാരി പരാതിയുമായി രംഗത്ത്

ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂർ സൈബർ പോലീസിൽ പരാതി നൽകി

Jan 24, 2026 - 17:49
Jan 24, 2026 - 17:50
 0
'ആ വിഡിയോ നീക്കണം': ഷിംജിതയുടെ വിഡിയോയിൽ മുഖം പതിഞ്ഞ യാത്രക്കാരി പരാതിയുമായി രംഗത്ത്

വടകര സ്വദേശിനി ഷിംജിത ബസിനുള്ളിൽ വെച്ച് ചിത്രീകരിച്ച വീഡിയോയുമായി ബന്ധപ്പെട്ട് പുതിയ വെളിപ്പെടുത്തലുകൾ. വീഡിയോയിൽ മുഖം പതിഞ്ഞ സഹയാത്രികയായ സ്ത്രീ, ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂർ സൈബർ പോലീസിൽ പരാതി നൽകി. സംഭവവുമായി യാതൊരു ബന്ധവുമില്ലാത്ത തന്റെ മുഖം വീഡിയോയിലൂടെ പ്രചരിക്കുന്നത് വ്യക്തിജീവിതത്തെ ബാധിക്കുന്നുവെന്നും തിരിച്ചറിയാൻ സാധിക്കുന്ന ഇത്തരം ദൃശ്യങ്ങൾ അടിയന്തരമായി നീക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. 

കഴിഞ്ഞ 17-നാണ് ഇവർ പോലീസിനെ സമീപിച്ചത്. ഈ കേസിൽ പോലീസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ ഷിംജിതയുടെ ആരോപണങ്ങളെ തള്ളുന്ന ഗൗരവകരമായ വിവരങ്ങളാണുള്ളത്. ബസിനുള്ളിൽ വെച്ച് ദീപക് എന്ന യുവാവ് ലൈംഗികാതിക്രമം നടത്തിയതിന് തെളിവുകളില്ല. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് അസ്വാഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലെന്ന് പോലീസ് കണ്ടെത്തി. ദീപക്കിനെ മോശമായി ചിത്രീകരിക്കുന്ന ഏഴോളം വീഡിയോകൾ ഷിംജിത ഫോണിൽ പകർത്തിയിരുന്നു. ഇവ എഡിറ്റ് ചെയ്താണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. 

ബസിൽ നിന്ന് ഇരുവരും യാതൊരു തർക്കവുമില്ലാതെ സാധാരണ നിലയിലാണ് ഇറങ്ങിപ്പോയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വീഡിയോ പ്രചരിച്ചതിന് പിന്നാലെ കടുത്ത മാനസിക വിഷമത്തിലായ ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്തിരുന്നു. ഇതിനെത്തുടർന്ന് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഷിംജിതയെ പോലീസ് അറസ്റ്റ് ചെയ്യുകയും നിലവിൽ അവർ റിമാൻഡിലുമാണ്. പ്രതിയുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് കൂടുതൽ ശാസ്ത്രീയ പരിശോധനകൾ നടന്നു വരികയാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow