ബെംഗളൂരു: കന്നഡ - തമിഴ് സീരിയൽ നടി സി.എം. നന്ദിനി ആത്മഹത്യ ചെയ്തു. 26 വയസായിരുന്നു. ജീവ ഹൂവഗിദെ, സംഘർഷ, ഗൗരി തുടങ്ങിയ പരമ്പരകളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് നന്ദിനി. വാടകയ്ക്കു താമസിക്കുന്ന കെങ്കേരിയിലെ വീട്ടിലാണ് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫോണിൽ ബന്ധപ്പെടാൻ കഴിയാതായതിനെ തുടർന്ന് സുഹൃത്തുകൾ വിവരം വീട്ടുടമകളെ അറിയിക്കുകയും തുടർന്ന് പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. മുറിയിൽ നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.
അഭിനയം ഉപേക്ഷിച്ച് സർക്കാർ ജോലിയിൽ പ്രവേശിക്കാനുള്ള വീട്ടുകാരുടെ സമ്മർദ്ദം വ്യക്തമാക്കുന്നതായിരുന്നു നന്ദിനിയുടെ ഡയറിയിലെ കുറിപ്പുകൾ. വിഷാദരോഗവും വ്യക്തിപരമായ പ്രശ്നങ്ങളും നേരിടുന്നുവെന്നും സർക്കാർ ജോലി നേടാനും വിവാഹത്തിനും തന്നെ വീട്ടുകാർ നിർബന്ധിക്കുന്നുവെന്നും കുറിപ്പിൽ പറയുന്നു.
എന്നാൽ പഠനം പാതി വഴിയിൽ നിർത്തി മുഴുവൻ സമയ അഭിനയത്തിലേക്ക് ശ്രദ്ധ തിരിച്ചതിനാൽ സർക്കാർ ജോലിയോട് താൽപര്യമില്ലെന്ന് 26കാരിയായ നടി വിശദമാക്കിയിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. നന്ദിനിയുടെ പിതാവ് 2019ൽ സർക്കാർ സർവീസിലിരിക്കെ മരണപ്പെട്ടിരുന്നു. ആശ്രിത നിയമനത്തിലൂടെ ജോലി ലഭിക്കാനുള്ള അവസരം നന്ദിനിക്ക് ഉണ്ടായിരുന്നു. എന്നാൽ അഭിനയ ജീവിതം ഉപേക്ഷിക്കാൻ യുവതിക്ക് താൽപര്യമില്ലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്.