കൊല്ലം: ടെലിവിഷൻ താരം അഖിൽ മാരാർക്കെതിരെ പൊലീസ് കേസെടുത്തു. ദേശവിരുദ്ധ പരാമർശം നടത്തിയെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ബിജെപി കൊട്ടാരക്കര മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കരയാണ് താരത്തിനെതിരെ പരാതി നൽകിയത്.
രാജ്യത്തിന്റെ അഖണ്ഡതയ്ക്കെതിരേ സംസാരിച്ചെന്ന കുറ്റം ചുമത്തി കൊട്ടാരക്കര പൊലീസാണ് കേസെടുത്തത്. ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പായ BNS 152 ആണ് ചുമത്തിയിട്ടുള്ളത്. പാക്കിസ്ഥാനുമായുള്ള ഇന്ത്യയുടെ വെടിനിർത്തൽ ധാരണയെ വിമർശിച്ചു കൊണ്ട് അഖിൽ നടത്തിയ പ്രസ്താവനയാണ് കേസിന് അടിസ്ഥാനം.
പഹൽഗാം ആക്രമണത്തിന് മറുപടി നൽകിക്കൊണ്ട് ഇന്ത്യ മുഴുവൻ ഒറ്റക്കെട്ടായി നിൽക്കുമ്പോഴാണ് അഖിൽ തികച്ചും ദേശ വിരുദ്ധമായ പ്രസ്താവന നടത്തിയതെന്നാണ് ബിജെപിയുടെ ആരോപണം. വീഡിയോ വിവാദമായതിനെ തുടർന്ന് അഖിൽ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്തിരുന്നു.