കോഴിക്കോട്: പെരിന്തൽമണ്ണ ദൃശ്യ വധക്കേസിലെ പ്രതി വിനീഷ് ചാടിപ്പോയി. വിചാരണ തടവുകാരനായ വിനീഷ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെയാണ് ചാടിപ്പോയത്. ഇന്നലെ രാത്രി പതിനൊന്നിനാണ് സംഭവം.
രാത്രിയോടെ മൂന്നാം വാർഡിൽ നിന്നാണ് ഇയാൾ ചാടിപ്പോയത്. ശുചിമുറിയുടെ ചുമർ തുരന്ന് പിന്നീട് ചുറ്റുമതിൽ ചാടി പുറത്ത് എത്തിയാണ് പ്രതി രക്ഷപ്പെട്ടത്. പ്രതിയ്ക്കായി പോലീസ് തെരച്ചിൽ തുടരുകയാണ്. രക്ഷപ്പെടുന്ന സമയത്ത് പ്രതി ഒരു നിക്കർ മാത്രമാണ് ധരിച്ചതെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ഡിസംബര്‍ 10നാണ് വിനീഷിനെ കുതിരവട്ടത്തെത്തിച്ചത്.
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് മാനസികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് കുതിരവട്ടത്തേക്ക് മാറ്റുകയായിരുന്നു. രണ്ട് വർഷം മുൻപും പ്രതി ഇതേ ആശുപത്രിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. വിവാഹ അഭ്യർത്ഥന നിരസിച്ചതിന് ദൃശ്യ എന്ന പെൺകുട്ടിയെ കൊലപ്പെടുത്തിയ കേസിലാണ് പ്രതി വിനീഷ് ജയിലിലായത്.