വീണ്ടും പാക് പ്രകോപനം; 50 ഓളം ഡ്രോണുകളും എട്ട് മിസൈലുകളും വെടിവെച്ച് ഇന്ത്യന്‍ സൈന്യം
സ്ഫോടനശബ്ദങ്ങള്‍ക്ക് .മുന്നോടിയായി കുപ് വാരയില്‍ എയര്‍ സൈറനുകള്‍ മുഴങ്ങി

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ പാകിസ്താന്റെ ഡ്രോണ്‍ ആക്രമണശ്രമം തകര്‍ത്ത് ഇന്ത്യന്‍ സൈന്യം. അന്‍പതോളം ഡ്രോണുകളും എട്ട് മിസൈലുകളും സേന വെടിവെച്ചിട്ടതായി വിവരം. വ്യാഴാഴ്ച സന്ധ്യയോടെയാണ് ആക്രമണശ്രമം ഉണ്ടായത്. തുടരെത്തുടരെ സ്ഫോടനശബ്ദങ്ങള്‍ കേട്ടതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ പരിഭ്രാന്തരായി. സ്ഫോടനശബ്ദങ്ങള്‍ക്ക് .മുന്നോടിയായി കുപ് വാരയില്‍ എയര്‍ സൈറനുകള്‍ മുഴങ്ങി. ജമ്മുവും കുപ് വാരയും ബ്ലാക് ഔട്ടിലേക്ക് നീങ്ങിയിരിക്കുകയാണ്.
ജമ്മു വിമാനത്താവളം ലക്ഷ്യമിട്ടാണ് ഡ്രോണുകള്‍ എത്തിയത്. ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ക്ക് ഈ ഡ്രോണുകളെ പൂര്‍ണമായും വെടിവെച്ചിടാന്‍ സാധിച്ചതായാണ് ലഭ്യമായ വിവരം. ഉയര്‍ന്ന ശബ്ദത്തിലുള്ള സ്ഫോടനങ്ങള്‍ ബോംബിങ്, ഷെല്ലിങ്, മിസൈല്‍ സ്ട്രൈക്കിങ് എന്നിവയുടേതാകാമെന്നാണ് സൂചന.
അതേസമയം, ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ ഇന്ത്യയെ ആക്രമിക്കാനുള്ള പാകിസ്ഥാന്‍റെ ശ്രമങ്ങളെ പരാജയപ്പെടുത്തിയെന്നും തക്കതായ മറുപടി നൽകിയെന്നും സൈനിക ഉദ്യോഗസ്ഥരും വിദേശകാര്യമന്ത്രാല സെക്രട്ടറിയും ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയുടെ വടക്ക് പടിഞ്ഞാറൻ മേഖലയിൽ പാകിസ്ഥാൻ നടത്താനിരുന്ന ആക്രമണത്തെ നിർവീര്യമാക്കി. ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളും നഗരങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ഇതിന് മറുപടിയായി ലഹോറിലെ വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തുവെന്നും ഉന്നത സൈനിക ഉദ്യോഗസ്ഥരായ വിങ് കമാന്‍ഡര്‍ വ്യോമിക സിങും കേണൽ സോഫിയ ഖുറേഷിയും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും വാര്‍ത്താസമ്മേളനത്തിൽ വ്യക്തമാക്കി.
What's Your Reaction?






