കെ.എസ്.ആര്‍.ടി.സിക്ക് ചരിത്ര നേട്ടം; എക്കാലത്തെയും മികച്ച രണ്ടാമത്തെ വരുമാനം സ്വന്തമാക്കി 'ആനവണ്ടി'
2024 ഡിസംബറിൽ 7.8 കോടി രൂപയായിരുന്ന ശരാശരി പ്രതിദിന വരുമാനം 2025 ഡിസംബറിൽ 8.34 കോടി രൂപയായി വർധിച്ചു
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന വരുമാനം സ്വന്തമാക്കി. ജനുവരി 12-ന് 11.71 കോടി രൂപ കളക്ഷൻ നേടിയതോടെയാണ് കെ.എസ്.ആര്‍.ടി.സി വീണ്ടും പത്ത് കോടി ക്ലബിൽ ഇടംപിടിച്ചത്. ജനുവരി 5-ന് ലഭിച്ച 13.01 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന വരുമാനം. ഇതിന് തൊട്ടുപിന്നാലെയാണ് 12-ാം തീയതിയിലെ നേട്ടം.
2024 ഡിസംബറിൽ 7.8 കോടി രൂപയായിരുന്ന ശരാശരി പ്രതിദിന വരുമാനം 2025 ഡിസംബറിൽ 8.34 കോടി രൂപയായി വർധിച്ചു. 2025 ജനുവരിയിലെ ശരാശരി വരുമാനം 7.53 കോടിയായിരുന്നു. എന്നാൽ, 2026 ജനുവരിയിൽ ഇത് 8.86 കോടി രൂപയായി ഉയർന്നിട്ടുണ്ടെന്ന് എംഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ അറിയിച്ചു.
യാത്രക്കാരുടെ സൗകര്യങ്ങൾ വർധിപ്പിച്ചതും കൃത്യമായ പരിഷ്കാരങ്ങൾ നടപ്പിലാക്കിയതുമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് അധികൃതർ വ്യക്തമാക്കി. പ്രത്യേക ദിവസങ്ങളിലെ തിരക്ക് കൊണ്ട് മാത്രമല്ല, സ്ഥിരമായി കൂടുതൽ യാത്രക്കാർ കെഎസ്ആർടിസിയെ ആശ്രയിച്ചു തുടങ്ങിയതാണ് വരുമാന വർധനവിന് കാരണമെന്ന് എം.ഡി കൂട്ടിച്ചേർത്തു.
What's Your Reaction?

