'കേരളം' എന്ന് പേരുമാറ്റണം; പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖർ

സംസ്ഥാനത്തിന്റെ സാംസ്‌കാരികവും ഭാഷാപരവുമായ പൈതൃകം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കി

Jan 13, 2026 - 17:46
Jan 13, 2026 - 17:46
 0
'കേരളം' എന്ന് പേരുമാറ്റണം; പ്രധാനമന്ത്രിയുടെ പിന്തുണ തേടി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കേരളത്തിന്റെ ഔദ്യോഗിക നാമം 'കേരളം' എന്നാക്കി മാറ്റുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പിന്തുണ തേടി ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയച്ചു. സംസ്ഥാനത്തിന്റെ സാംസ്‌കാരികവും ഭാഷാപരവുമായ പൈതൃകം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്തിന്റെ പേര് മാറ്റുന്നതിനായി 2024 ജൂണിൽ കേരള നിയമസഭ ഐക്യകണ്ഠേന പാസ്സാക്കിയ പ്രമേയത്തെ ബി.ജെ.പി പൂർണമായും അനുകൂലിക്കുന്നതായി രാജീവ് ചന്ദ്രശേഖർ കത്തിൽ പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹം കത്തിലൂടെ അറിയിച്ചിട്ടുണ്ട്.

ആയിരം വർഷത്തെ പാരമ്പര്യമുള്ള കേരളത്തിന്റെ സംസ്കാരവും മലയാള ഭാഷയുടെ തനിമയും സംരക്ഷിക്കുന്ന നയമാണ് ബിജെപിക്കുള്ളതെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഒരു 'വികസിത സുരക്ഷിത കേരളം' കെട്ടിപ്പടുക്കാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും ഒന്നിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

മതാടിസ്ഥാനത്തിൽ പുതിയ ജില്ലകൾ വേണമെന്ന വാദങ്ങൾ ഉയരുന്ന പ്രവണതയ്‌ക്കെതിരെ ജാഗ്രത പാലിക്കണമെന്നും മലയാളികളുടെ അഭിവൃദ്ധി ഉറപ്പാക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി മാറ്റുന്നതിന് ഭരണഘടനയുടെ ഒന്നാം ഷെഡ്യൂളിൽ ഭേദഗതി വരുത്തേണ്ടതുണ്ട്. ഇതിനായി കേന്ദ്ര സർക്കാരിന്റെ നടപടികൾ വേഗത്തിലാക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വം ഇപ്പോൾ ശ്രമിക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow