ചെന്നൈ: തമിഴ്നാട് കടലൂരിൽ സ്കൂൾ വാൻ ട്രെയിനിൽ ഇടിച്ച് വൻ അപകടം. അപകടത്തിൽ അഞ്ചു വിദ്യാർഥികൾ മരിച്ചു. ഇന്ന് രാവിലെ 7.45 ഓടെയാണ് അപകടമുണ്ടായത്. നിരവധി കുട്ടികൾക്ക് പരിക്കേറ്റു. ആളില്ലാ ലെവൽ ക്രോസ് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് സ്‌കൂൾ വാനിൽ ട്രെയിൻ ഇടിച്ചത്.
ബസ് പൂർണമായി തകർന്നു. കടലൂര്‍ ചെമ്മംകുപ്പത്താണ് അപകടമുണ്ടായത്. ചെന്നൈയിൽ നിന്ന് വന്ന എക്‌സ്പ്രസ് ട്രെയിനിലാണ് ബസ് ഇടിച്ചത്. പത്ത് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്.
ട്രെയിൻ വരുന്നത് കണ്ടിട്ടും സ്കൂൾ ഡ്രൈവർ വാഹനം മുന്നോട്ടെടുക്കുകയായിരുന്നെന്നാണ് വിവരം. മാത്രമല്ല ഗേറ്റ് കീപ്പറുടെ ഭാഗത്തും അനാസ്ഥയുണ്ടായിട്ടുണ്ടെന്നാണ് വിവരം. ട്രെയിൻ വരുന്നത് കണ്ടിട്ടും ഗേറ്റ് അടയ്ക്കാതെ തുറന്നിട്ടിരിക്കുകയായിരുന്നു. 50 മീറ്ററോളം ട്രെയിൻ ബസിനെ ഇടിച്ച് കൊണ്ട് പോയെന്നാണ് വിവരം.
വിദ്യാര്‍ത്ഥികളെ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.