ഡൽഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ അഞ്ച് എഫ് 16 ഉൾപ്പെടെ പക്കിസ്ഥാന്‍റെ 10 യുദ്ധവിമാനങ്ങള്‍ ഇന്ത്യൻ സൈന്യം തകർത്തെന്ന് വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ എ പി സിങ്. മാത്രമല്ല ഹാംഗറില്‍ ഉണ്ടായിരുന്ന വിമാനങ്ങള്‍ അടക്കം പത്തിലധികം വിമാനങ്ങള്‍ പാകിസ്ഥാന് നഷ്ടമായി.
93-ാമത് വ്യോമസേന ദിനാഘോഷത്തോടനുബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന യുദ്ധം നീണ്ടു പോകുമ്പോൾ ഓപ്പറേഷൻ സിന്ദൂർ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ ലക്ഷ്യം കണ്ട് അവസാനിപ്പിക്കുകയായിരുന്നുവെന്നും വ്യോമസേന മേധാവി അറിയിച്ചു.
ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്തു എന്നത് പാക്കിസ്ഥാന്‍ മെനഞ്ഞെ കഥയാണ്. വെടി നിര്‍ത്തലിനായി പാകിസ്ഥാന്‍ ഇങ്ങോട്ട് സമീപിക്കുകയായിരുന്നുവെന്നും എ പി സിങ് പറഞ്ഞു. മൂന്നു സേനകളും അവരുടെ കരുത്ത് കാട്ടി. 1971 ശേഷം രാജ്യം നേടിയ വലിയ വിജയങ്ങളിൽ ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു.
കൃത്യമായ ലക്ഷ്യത്തോടെ ആണ് ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത്. കുറഞ്ഞ സമയം കൊണ്ട് ഇന്ത്യൻ സൈന്യം ലക്ഷ്യം നേടി. ഓപ്പറേഷന്‍ സിന്ദൂര്‍ ചരിത്രത്തിന്റെ ഭാഗമാണെന്നും എ പി സിങ് വ്യക്തമാക്കി. ചിലർ നൽകിയ തെറ്റായ വാർത്തകൾ ഒഴിച്ചാൽ രാജ്യ താൽപര്യത്തിനൊപ്പം മാധ്യമങ്ങൾ നിലകൊണ്ടുവെന്നും എ.പി സിങ് കൂട്ടിച്ചേർത്തു.