തിരുവനന്തപുരം: ആരോഗ്യ വകുപ്പിന്റെ ആരോപണങ്ങള്‍ തള്ളി ഡോ ഹാരിസ് ചിറക്കല്‍. മോസിലേറ്റര്‍ ഉപയോഗിക്കാതെ മാറ്റിവെച്ചതാണ്. എല്ലാവര്‍ഷവും ഓഡിറ്റ് നടക്കുന്നതാണെന്നും ഉപകരണങ്ങളോ ഉപകരണഭാഗങ്ങളോ കാണാതായിട്ടില്ലെന്നും ഹാരിസ് ചിറക്കല്‍ പറഞ്ഞു.
ഈ ഉപകരണം ഉപയോഗിച്ച് ആറ് പേര്‍ക്കും ശസ്ത്രക്രിയ നടത്താന്‍ അറിയില്ല എന്ന് നേരത്തെ പറഞ്ഞതാണ്. അറിയാത്ത ഉപകരണം ഉപയോഗിക്കുമ്പോള്‍ രോഗികള്‍ക്ക് എന്തെങ്കിലും സംഭവിക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. അതുകൊണ്ടാണ് ഉപകരണം മാറ്റിവെച്ചതെന്നും അദ്ദേഹം വിശദമാക്കി.
ഓസിലോസ്‌കോപ്പ് ഉള്‍പ്പെടെ എല്ലാ ഉപകരണങ്ങളും ആശുപത്രിയില്‍ തന്നെയുണ്ട്. 14 ലക്ഷം രൂപയുടേതാണ് ഈ പറയുന്ന ഉപകരണം. ഒരുപാട് ഉപകരണങ്ങള്‍ ഉള്ളതിനാല്‍ വിദഗ്ധസമിതിക്ക് മുഴുവനായി പരിശോധിക്കാന്‍ സമയം കിട്ടിയിട്ടുണ്ടാകില്ലെന്നും ഹാരിസ് പറഞ്ഞു.
അതേസമയം സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ വകുപ്പുതല അന്വേഷണം ഇന്ന് തുടങ്ങും. സംഭവത്തില്‍ ഡിഎംഒ അന്വേഷണം നടത്തും. ഉപകരണം കാണാതായതും കേടുവരുത്തിയതും അടക്കമുളള കാര്യങ്ങള്‍ അന്വേഷിക്കും. യൂറോളജി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അന്വേഷണ പരിധിയില്‍ വരുമെന്നാണ് സൂചന.