സോപ്പും ടവ്വലും മാറാനുള്ള വസ്ത്രങ്ങളും കിടക്കയില്‍, മരണം കുളിക്കാനുള്ള ഒരുക്കത്തിനിടെ, കലാഭവന്‍ നവാസിന്‍റെ സംസ്കാരം വൈകീട്ട്
കുളിക്കാനുള്ള ഒരുക്കത്തിനിടെ ഹൃദയാഘാതമുണ്ടായെന്നാണ് കരുതുന്നത്.

കൊച്ചി: നടന്‍ കലാഭവന്‍ നവാസിന്‍റെ മരണം കുളിക്കാനുള്ള ഒരുക്കത്തിനിടെയെന്ന് നിഗമനം. കട്ടിലില്‍ കിടക്കുന്ന നിലയിലാണ് നവാസിനെ ആദ്യം കണ്ടത്. ആ സമയത്ത് സോപ്പും ടവ്വലും മാറാനുള്ള വസ്ത്രങ്ങളും കിടക്കയില്‍ ഉണ്ടായിരുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണകാരണത്തില്‍ സ്ഥിരീകരണമുണ്ടാവുകുകയുള്ളൂ.
കലാഭവന്‍ നവാസിന്‍റെ പോസ്റ്റ്‌മോര്‍ട്ടം രാവിലെ 8.30ന് കളമശ്ശേരി മെഡിക്കല്‍ കോളേജില്‍. പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ആലുവയിലെ വീട്ടിലെത്തിക്കും. വൈകീട്ട് നാലുമുതല്‍ അഞ്ചരവരെ ആലുവ ജുമാ മസ്ജിദിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം സംസ്‌കരിക്കും.
ഇന്നലെ, വെള്ളിയാഴ്ച രാത്രി എട്ടരയോടെയാണ് നവാസിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ചോറ്റാനിക്കരയില്‍ 'പ്രകമ്പനം' എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ചോറ്റാനിക്കര വൃന്ദാവന്‍ റെസിഡെന്‍സിയില്‍ താമസിച്ചുവരികയായിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ലൊക്കേഷനില്‍നിന്ന് നാലാം തീയതി തിരിച്ചെത്താമെന്നു പറഞ്ഞ് ഹോട്ടല്‍ മുറിയിലേക്ക് മടങ്ങിയതാണ്.
എട്ടുമണിയോടെ ചെക്ക് ഔട്ട് ചെയ്യുമെന്ന് ഹോട്ടലില്‍ പറഞ്ഞിരുന്നു. എട്ടര കഴിഞ്ഞിട്ടും കാണാതായതോടെ മുറി തുറന്നുനോക്കുമ്പോഴാണ് കട്ടിലില്‍ മരിച്ച നിലയില്‍ നവാസിനെ കണ്ടത്. 25-ന് തുടങ്ങി വെള്ളിയാഴ്ച അവസാനിക്കുന്ന ഷെഡ്യൂളിലാണ് നവാസിന്റെ ഭാഗങ്ങള്‍ ഉണ്ടായിരുന്നത്. ചിത്രീകരണവേളയില്‍ എല്ലാം സജീവമായി ആളുകളോട് നടന്‍ ഇടപെട്ടിരുന്നു.
What's Your Reaction?






