ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ അന്തരിച്ചു

കഴിഞ്ഞ കുറച്ച് മാസങ്ങളായി ഷിബു സോറന്റെ ആരോഗ്യനില വഷളായിരുന്നു

Aug 4, 2025 - 10:21
Aug 4, 2025 - 10:21
 0  11
ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഷിബു സോറന്‍ അന്തരിച്ചു

റാഞ്ചി: ഝാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയും മുൻ കേന്ദ്രമന്ത്രിയുമായ ഷിബു സോറന്‍ (81) അന്തരിച്ചു. ഡല്‍ഹി സര്‍ ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം സംഭവിച്ചത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഷിബു സോറന്റെ ആരോഗ്യനില വഷളായിരുന്നു. ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് സംസ്ഥാന രാഷ്ട്രീയത്തിലും ദേശീയ രാഷ്ട്രീയത്തിലും നിറഞ്ഞുനിന്ന നേതാവായിരുന്നു ഷിബു സോറന്‍.

എട്ട് തവണ ലോക്സഭാംഗമായ ഷിബു സോറന്‍, മൂന്ന് തവണ വീതം കേന്ദ്ര കല്‍ക്കരി വകുപ്പ് മന്ത്രിയായും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ സംസ്ഥാന അധ്യക്ഷനും മുന്‍ ഝാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായിരുന്നു. 1944 ജനുവരി ഒന്നിന് സന്താള്‍ ആദിവാസി കുടുംബത്തില്‍ ജനിച്ച ഷിബു സോറന്‍ 1962-ല്‍ പതിനെട്ടാമത്തെ വയസില്‍ സന്താള്‍ നവയുക്ത് സംഘ് എന്ന പ്രസ്ഥാനം രൂപീകരിച്ചു. തീവ്ര ഇടതുപക്ഷ നയങ്ങള്‍ പിന്തുടരുന്ന സംഘടനയായിരുന്നു ഇത്.

1972-ല്‍ ബീഹാറില്‍നിന്നു വിഭജിച്ച് മറ്റൊരു സംസ്ഥാനം വേണമെന്ന ആവശ്യം ഉയര്‍ത്തി ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച എന്ന പുതിയൊരു പാര്‍ട്ടി രൂപികരിച്ചു. 1977-ല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറങ്ങിയ ഷിബു സോറന്‍ ആ വര്‍ഷത്തെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ധുംക മണ്ഡലത്തില്‍നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.

പിന്നീട്, എട്ട് തവണ ലോക്‌സഭാംഗമായും മൂന്ന് തവണ വീതം ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായും കേന്ദ്ര കല്‍ക്കരി വകുപ്പ് മന്ത്രിയുമായി. മൂന്ന് തവണ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായെങ്കിലും ആറ് മാസത്തില്‍ കൂടുതല്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടര്‍ന്നില്ല. കൊലപാതക കേസുകളില്‍ വിചാരണ നേരിട്ട ശേഷം വിധി വന്നതിനെ തുടര്‍ന്ന് മൂന്ന് തവണയും മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. 2020 മുതല്‍ ഝാര്‍ഖണ്ഡില്‍ നിന്നുള്ള രാജ്യസഭാംഗമായിരുന്നു. നിലവില്‍ ഇദ്ദേഹത്തിന്റെ മകന്‍ ഹേമന്ത് സോറനാണ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി.

What's Your Reaction?

like

dislike

love

funny

angry

sad

wow