കൊച്ചി: ശബരിമലയിലുണ്ടായ തിരക്കിലും നിയന്ത്രണങ്ങള്‍ പാളിയതിലും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ രൂക്ഷമായി വിമര്‍ശിച്ച ഹൈക്കോടതി ദേവസ്വം ബെഞ്ച്. ദേവസ്വം ബോർഡ് പറഞ്ഞത് ഒന്നും നടന്നില്ലല്ലോ എന്ന് കോടതി ചോദിച്ചു. ജനത്തിരക്ക് നിയന്ത്രിക്കാനാകാത്തതിന് കാരണം കൃത്യമായ ഏകോപനം ഇല്ലാത്തതാണെന്ന് കോടതി വിമര്‍ശിച്ചു.
ആറു മാസം മുന്‍പേ ഒരുക്കങ്ങള്‍ തുടങ്ങേണ്ടതായിരുന്നില്ലെയെന്നും ഹൈക്കോടതി വിമര്‍ശിച്ചു. മാത്രമല്ല തിക്കിത്തിരക്കി ആളുകളെ കയറിയിട്ട് എന്തുകാര്യമെന്നും കോടതി ചോദിച്ചു.പരമാവധി ആളുകള്‍ ക്ഷേത്രത്തില്‍ കയറി എന്നതുകൊണ്ട് എന്ത് പ്രയോജനമെന്ന് ഹൈക്കോടതി ആരാഞ്ഞു.
4000 പേര്‍ക്ക് നില്‍ക്കാനാകുന്നയിടത്ത് 20000 പേരെ കയറ്റിയിട്ട് എന്ത് കാര്യമാണുള്ളതെന്നും ചോദിച്ചു. ശബരിമലയിൽ എത്ര പേരെ പരമാവധി ഉൾക്കൊള്ളാൻ കഴിയുമെന്ന് ദേവസ്വം ബോർഡിനോട് ഹൈക്കോടതി ചോദിച്ചു. ഓരോ സെക്ടറിലും എത്ര വലിപ്പം ഉണ്ടെന്നും കോടതി ചോദിച്ചു.
ആളുകളെ സെക്ടറുകളായി തിരിച്ച് നിര്‍ത്തിയാല്‍ കുറച്ചുകൂടി നിയന്ത്രിക്കാന്‍ സാധിക്കില്ലേ എന്നും കോടതി ചില നിര്‍ദേശങ്ങളും മുന്നോട്ടുവച്ചു. ല്ലാവരേയും ഒരുമിച്ച് തള്ളിവിടുന്നത് ശരിയായ രീതിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.