കോട്ടയം: കോട്ടയം തിരുവാതുക്കൽ വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും കൊന്ന കേസിലെ പ്രതി പിടിയില്‍. ആസാം സ്വദേശി അമിത് ഉറാംഗാണ് പോലീസിന്റെ പിടിയിലായത്. തൃശൂർ മാളയ്ക്ക് സമീപം മേലാടൂരിൽ നിന്ന് പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോഴി ഫാമിൽ ഒളിവിലായിരുന്നു ഇയാൾ.
മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയെ പിടികൂടാന്‍ നിര്‍ണായകമായത്. പ്രതി ജിമെയിൽ ആക്റ്റീവ് ആക്കിയതും, ഫോൺ ഓൺ ആക്കിയതും പ്രതിയെ പിടികൂടുന്നതിന് പോലീസിന് സഹായകമായി. മാത്രമല്ല പ്രതിയുടെ സിസിടിവി ദൃശ്യങ്ങളും തെളിവായി ലഭിച്ചിരുന്നു.
അമിത് ഒറ്റയ്ക്കാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ നിഗമനം. കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റേത് തന്നെയെന്ന് സ്ഥിരീകരിച്ചിരുന്നു. കൊലപാതകം നടത്താൻ അമിത് ദിവസങ്ങൾ ആസൂത്രണം നടത്തിയതായിട്ടാണ് വിവരം.