കൊച്ചി: കൊച്ചിയുടെ പുറംകടലില്‍ മുങ്ങിയ എം എസ് സി എല്‍സാ 3 കപ്പല്‍ ദൗത്യം ഇനിയും വൈകുമെന്ന് റിപ്പോർട്ട്. മുങ്ങിയ എംഎസ്‍സി എൽസ 3 കപ്പൽ പൂർണമായും ഉയർത്താനുള്ള ദൗത്യം ഒരു വർഷത്തോളം നീളുമെന്നാണ് എംഎസ്‍സി കമ്പനി അധികൃതർ വ്യക്തമാക്കുന്നത്.
കപ്പലിനുള്ളിലെ എണ്ണ നീക്കം ചെയ്യല്‍ തുടരുകയാണ്. അത് 10 ദിവസത്തിനകം പൂര്‍ത്തിയാകുമെന്നും അറിയിച്ചു.കാലാവസ്ഥ പൂര്‍ണമായും അനുകൂലമാകാതെ മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി.
മെയ് 24 നാണ് എംഎസ്‌സി എൽസ 3 കപ്പൽ അപകടത്തിൽപ്പെട്ടത്. തോട്ടപ്പിള്ളി സ്പില്‍വേയില്‍ നിന്ന് 14.3 നോട്ടിക്കല്‍ മൈല്‍ അകലെയാണ് എംഎസ്‌സി എല്‍സ 3 കപ്പല്‍ മുങ്ങിക്കിടക്കുന്നത്. അതേസമയം സംസ്ഥാന സർക്കാർ ആവശ്യപ്പെട്ട നഷ്ടപരിഹാര തുക നൽകാനാവില്ലെന്ന നിലപാടിൽ മെഡിറ്ററേനിയൻ കപ്പൽ കമ്പനി നിലപാട് മാറ്റിയിട്ടില്ല.
കപ്പലപകടം കാരണം സമുദ്ര പരിസ്ഥിതിക്ക് നാശമുണ്ടായിട്ടില്ല. കപ്പലപകടം സംഭവിച്ചത് സംസ്ഥാനത്തിന്റെ സമുദ്ര അധികാര പരിധിക്ക് പുറത്താണ്. അഡ്മിറാലിറ്റി സ്യൂട്ട് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നുമാണ് ഇവർ വാദിക്കുന്നത്.